താനൂർ: താനൂർ നിയോജക മണ്ഡലത്തിലെ ഒഴൂർ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകളെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി. മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടലിനെ തുടർന്നാണ് മണ്ഡലത്തിലെ രണ്ട് ഗ്രാമപഞ്ചായത്തുകളെ മൂന്നുവർഷം നീണ്ടുനിൽക്കുന്ന കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
ആദ്യത്തെ വർഷം അമ്പതുലക്ഷവും രണ്ടാംവർഷം 20 ലക്ഷം രൂപയും മൂന്നാംവർഷം ആറുലക്ഷം രൂപയും ഈ പദ്ധതി വഴി നാളികേര കൃഷി വികസനത്തിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭിക്കും. നിലവിൽ മണ്ഡലത്തിലെ താനാളൂർ ഗ്രാമപഞ്ചായത്തിൽ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. നാളികേരത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റേറ്റ് ഹോൾട്ടി കൾചറൽ മിഷൻ, കാർഷിക ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയ ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കുന്നതാണ് കേരഗ്രാമം പദ്ധതി.
ഉൽപാദന ശേഷി കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി 50 ശതമാനം സബ്സിഡിയിൽ പുതിയ മേന്മയേറിയ തെങ്ങിൻ തൈകൾ, നനക്കുവേണ്ടി പമ്പ് സെറ്റുകൾ, ജൈവ വളം എന്നിവ നൽകും.
കമ്പോസ്റ്റ് വിറ്റ് നൽകുക, തെങ്ങുകയറ്റ യന്ത്രങ്ങളും പരിശീലനവും തെങ്ങിന് തടം തുറക്കുക, ഇടവിള കൃഷിക്കായുള്ള നടീൽ വസ്തുക്കൾ നൽകുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിലൂടെ കർഷകന് നാളികേര കൃഷിയിൽനിന്ന് മികച്ച ആദായമുണ്ടാക്കുവാൻ ഈ പദ്ധതി സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.