താനൂർ: താനൂർ-തിരൂർ റോഡിനോട് ചേർന്ന് വലിയപാടത്ത് റെയിൽവെ ട്രാക്കിന്റെ കിഴക്കുവശം അടച്ചു കെട്ടിയതോടെ ദുരിതത്തിലായി നാട്ടുകാർ. പതിറ്റാണ്ടുകളായി റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തുള്ള താനാളൂർ, നിറമരുതൂർ പഞ്ചായത്ത് പരിധിയിൽപെട്ട പ്രദേശവാസികൾ തിരൂർ-താനൂർ പ്രധാന പാതയിലേക്കെത്താൻ ഉപയോഗിച്ചിരുന്ന വഴിയാണ് റെയിൽവേ അടച്ചു കെട്ടിയത്. ഇതോടെ കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം തൊട്ടടുത്ത താൽക്കാലിക വഴിയായ വട്ടത്താണിയിലെത്താൻ. എന്നാൽ ആ വഴിയും അടക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയുള്ള അപകടം വർധിക്കുന്നതിനാൽ ജനസുരക്ഷ മുൻനിർത്തിയാണ് നടപടി. വലിയപാടം മുതൽ കമ്പനിപ്പടി വരെയുള്ള ഭാഗങ്ങളിൽ സുരക്ഷ ഭിത്തി നിർമിക്കുമെന്ന് റെയിൽവെ അധികൃതർ പറയുന്നത്.
എന്നാൽ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വലിയപാടത്തും വട്ടത്താണിയിലും വഴി പൂർണമായും തടസ്സപ്പെടാതെയായിരുന്നു ഭിത്തി നിർമിച്ചിരുന്നത്. അതിൽ വലിയ പാടത്തുണ്ടായിരുന്ന വഴിയാണ് കഴിഞ്ഞ ദിവസം അടച്ചു കെട്ടിയത്. ഇതോടെ നൂറു കണക്കിനാളുകൾ പോകുന്ന വട്ടത്താണി ജങ്ഷനിലും വഴിയടക്കുമോയെന്ന ആശങ്ക വർധിച്ചു. വട്ടത്താണിയിൽ റെയിൽവേ മേൽപ്പാലം എന്ന ആവശ്യത്തിന് ഒട്ടേറെ കാലത്തെ പഴക്കമുണ്ട്. ജനപ്രതിനിധികളുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന മേൽപ്പാലത്തിന് ഒരു ഘട്ടത്തിൽ ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയതൊഴിച്ചാൽ പിന്നീട് തുടർനടപടിയുണ്ടായില്ല.
ഇതിനിടെ സ്ഥലം എം.പി ഇ.ടി. മുഹമ്മദ് ബഷീറിന്റെ ഇടപെടലിലൂടെ വട്ടത്താണിയിൽ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജിന് അനുമതിയായതായും പഞ്ചായത്തും സംസ്ഥാന സർക്കാറും ചേർന്ന് സ്ഥലമേറ്റെടുത്ത് നൽകിയാൽ പദ്ധതി യാഥാർഥ്യമാകുമെന്നും ലീഗ് നേതാക്കൾ വാർത്ത സമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇതിലും തുടർ നടപടിയുണ്ടായില്ല. ഫൂട്ട് ഓവർ ബ്രിഡ്ജ് സൗകര്യം ജനങ്ങൾക്ക് മതിയാകില്ലെന്നതും മറ്റ് പ്രായോഗിക തടസ്സങ്ങൾ ഉയർന്നതും പദ്ധതിയെ ബാധിച്ചു. വിഷയത്തിൽ ജനങ്ങളുടെ ആശങ്കക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഈ മാസം ആദ്യം താനാളൂർ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രതിനിധി സംഘം റെയിൽവേ പാലക്കാട് ഡിവിഷനൽ മാനേജറെ സന്ദർശിച്ചിരുന്നു.
ബദൽ യാത്രമാർഗങ്ങളായി വലിയപാടത്ത് സബ് വേയും വട്ടത്താണിയിൽ ഓവർ ബ്രിഡ്ജും വരുന്നത് വരെ നിലവിലുള്ള സൗകര്യം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. വട്ടത്താണിക്കും വലിയ പാടത്തിനുമിടയിൽ മേൽപ്പാലത്തിന് സാധ്യതയുണ്ടെന്ന് പ്രാഥമിക സാധ്യത പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഭരണ തലത്തിൽ ആവശ്യമുന്നയിക്കുന്ന പക്ഷം തുടർനടപടി പരിഗണിക്കുമെന്നുമാണ് പഞ്ചായത്ത് പ്രതിനിധി സംഘത്തോട് റെയിൽവേ അധികൃതർ വിശദീകരിച്ചതെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.