താനൂർ: ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ കടകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ മോഷണ പരമ്പര. സ്കൂളിന് സമീപത്തെ ഏഴ് കടകളിലാണ് ഒരേ സമയം മോഷണം നടന്നത്. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കളവ് നടന്നത്. മുളമുക്കിൽ മണികണ്ഠന്റെ ഫാൻസി, ചാത്തങ്ങാട്ടിൽ ശ്രീധരന്റെ സ്റ്റേഷനറി, പനങ്ങാടൻറകത്ത് മൊയ്തീൻ കുട്ടിയുടെ സ്റ്റേഷനറി ആൻഡ് കൂൾബാർ, താലിപ്പാട്ട് ശിഹാബിന്റെ പലചരക്ക് കട, മുളക്കുപറമ്പിൽ അലിയുടെ ചെരുപ്പുകട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റു രണ്ട് കടകളിൽ മോഷണശ്രമവും നടന്നു. പൂട്ട് പൊളിച്ചാണ് എല്ലായിടത്തും മോഷ്ടാക്കൾ അകത്തു കടന്നത്.
കടകളിലുണ്ടായിരുന്ന പണം, ബിസ്കറ്റ്, മിഠായികൾ, പലവ്യഞ്ജന സാധനങ്ങൾ എന്നിവയാണ് കവർന്നത്. വിൽപന സാധനങ്ങൾ അട്ടിമറിച്ചിടുകയും ചെയ്തു. താനൂർ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ല ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും കടകളിലെത്തി തെളിവെടുപ്പ് നടത്തി. സമീപങ്ങളിലെ സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പുത്തൻതെരു വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ് പി.എ. മുസ്തഫ, യൂസഫ്, ദിനേശൻ ഒഴൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.