താനൂർ: താനൂർ ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂളാക്കി സർക്കാർ ഉത്തരവായി. തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഫിഷറീസ് സ്കൂൾ സ്പോർട്സ് സ്കൂൾ ആക്കുന്നതോടെ ഈ മേഖലയിലുള്ള വിദ്യാർഥികളുടെ കായികക്ഷമത വർധിപ്പിക്കുന്നതോടൊപ്പം വിവിധ കായിക ഇനങ്ങളിൽ പ്രാവീണ്യം നേടിയ ടീമുകളെ വാർത്തെടുക്കാനും കഴിയും. വിവിധ അത്ലറ്റിക്സ് ഇനങ്ങളിലും ആയോധന കലകളിലും പരിശീലനം നൽകും. ഇതിനായി പുരുഷ-വനിത പരിശീലകരെ നിയമിക്കും.
പെൺകുട്ടികൾക്ക് ജൂഡോ, വുഷു എന്നീ ഇനങ്ങളിൽ പരിശീലനം നൽകും. സ്പോർട്സ് സ്കൂളാക്കുന്നതിന്റെ ഭാഗമായി നിലവിലെ സ്റ്റേഡിയത്തിന്റെ നിലവാരം ഉയർത്തും. കൂടാതെ ബാസ്കറ്റ് ബാൾ, വോളിബാൾ, ബാഡ്മിന്റൺ കോർട്ടുകളും നിർമിക്കും.
സ്കൂളിന്റെ ഭരണ നിയന്ത്രണം നിലവിലുള്ളത് പോലെ മത്സ്യബന്ധന വകുപ്പിൽതന്നെ നിലനിർത്തിക്കൊണ്ടാണ് സ്കൂളിനെ സ്പോർട്സ് സ്കൂളാക്കി ഉയർത്തിയിട്ടുള്ളത്.
ഉത്തരവ് ഉടൻ നടപ്പാക്കാനും ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കാനും നടപടി സ്വീകരിക്കാൻ നിർദേശം നൽകിയതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.