താനൂർ: നഗരസൗന്ദര്യവത്കരണത്തിനുള്ള പദ്ധതികൾ പുരോഗമിക്കുകയും താനൂരിന്റെ മുഖഛായ തന്നെ മാറ്റുന്ന വലിയ പദ്ധതികൾ വരാനിരിക്കുകയും ചെയ്യുമ്പോഴും നഗരത്തിലെ മിനി പാർക്ക് ശോച്യാവസ്ഥയിൽ തുടരുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ പഴയ ബസ് സ്റ്റാൻഡിൽ നഗരസഭ ഓഫിസിന് സമീപമായാണ് പാർക്കുള്ളത്. വർഷങ്ങൾക്കുമുമ്പ് പൊതുജനങ്ങൾക്ക് ടി.വി കാണാൻ സ്ഥാപിച്ച ടി.വി റൂമിനോട് ചേർന്നാണ് വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ മിനി പാർക്ക് നിർമിച്ചത്.
ഏതാനും കോൺക്രീറ്റ് ബെഞ്ചുകളും ചെടികളുമായി നിർമിച്ച പാർക്ക് ഇന്ന് ഉപയോഗ ശൂന്യമായ നിലയിലാണ്. കാലങ്ങളായി പൂട്ടിക്കിടക്കുന്ന ടി.വി റൂമും പൊളിഞ്ഞ ഇരിപ്പിടങ്ങളും കൃത്യമായ പരിചരണം ലഭിക്കാതെ നശിച്ചുപോയ ചെടികളുമെല്ലാമാണ് ഇന്ന് പാർക്കിന്റെ ബാക്കിപത്രമായി നിലവിലുള്ളത്.
വൈകുന്നേരങ്ങളിൽ വിരലിലെണ്ണാവുന്ന ഏതാനും പേരൊഴികെ ആരും പാർക്കിലെത്തുന്നില്ല. പാർക്കിന്റെ സിംഹഭാഗവും ഉപയോഗപ്പെടുത്തുന്നത് തെരുവുകച്ചവടക്കാരാണ്. രാത്രിയായാൽ മദ്യവും മയക്കുമരുന്നുമായി സാമൂഹ്യ വിരുദ്ധരുടെ താവളമായി പാർക്ക് മാറുന്നെന്നും പരാതിയുണ്ട്.
വെള്ളിയാഴ്ച രാവിലെ പാർക്കിനകത്ത് അജ്ഞാതർ പഴയ സാധനങ്ങൾ കൂട്ടിയിട്ട് തീ കൊടുത്തത് ശ്രദ്ധയിൽപ്പെടാതെ പോയിരുന്നെങ്കിൽ വലിയ അപകടമായിത്തീരുമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാർക്ക് ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ നവീകരിക്കുകയോ കാലങ്ങളായി അടഞ്ഞുകിടക്കുന്ന ടി.വി റൂമടക്കമുള്ളവ പൊളിച്ചുനീക്കി ഗതാഗത സൗകര്യം വർധിപ്പിക്കുന്ന മട്ടിൽ റോഡിന്റെ ഭാഗമാക്കി മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.