താനൂർ: താനൂർ-തെയ്യാല റോഡ് റെയിൽവേ ഗേറ്റ് ഒരാഴ്ചക്കകം തുറക്കുമെന്ന് സതേൺ റെയിൽവേ ഡിവിഷനൽ മാനേജർ അരുൺ കുമാർ ചതുർവേദി ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് അയച്ച കത്തിൽ അറിയിച്ചു.
റെയിൽവേ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കഴിഞ്ഞ സെപ്റ്റംബർ 13ന് റെയിൽവേക്ക് കത്ത് നൽകിയിരുന്നു.
മേൽപാലം നിർമാണത്തിന് വേണ്ടി റെയിൽവേ ഗേറ്റ് അടച്ചതിനെത്തുടർന്ന് താനൂരിന്റെ കിഴക്കുള്ളവർ കടുത്ത യാത്രപ്രതിസന്ധിയാണ് അനുഭവിക്കുന്നത്. മേൽപാല നിർമാണം ഇഴഞ്ഞുനീങ്ങിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയായതോടൊപ്പം താനൂരിലെ വ്യാപാരമേഖല തകരുന്ന സ്ഥിതിയുമുണ്ടായി. ഗേറ്റ് തുറക്കണമെന്നും മേൽപാല നിർമാണം അതിവേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യാപാരികളും പ്രക്ഷോഭം നടത്തിയിരുന്നു.
മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.പി. അഷറഫ്, അഡ്വ. പി.പി. റഊഫ് മുഖേന ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ഒരു മാസത്തിനകം ഉചിത തീരുമാനമെടുക്കാൻ കോടതി ഡി.ആർ.എമ്മിനോട് നിർദേശിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ഗേറ്റ് തുറക്കാനുള്ള റെയിൽവേയുടെ തീരുമാനമെന്നാണറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.