താനൂർ: ഏറെ നാളത്തെ കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ താനൂർ തെയ്യാല റോഡ് റെയിൽവേ ഗേറ്റ് വീണ്ടും തുറന്നു. റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണത്തിന് വേണ്ടി കുറഞ്ഞ കാലത്തേക്കെന്ന് പറഞ്ഞ് അടച്ചിട്ട ഗേറ്റ് തുറക്കുന്നത് അനിശ്ചിതമായി നീണ്ടു പോയത് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇടക്കാലത്ത് ചെറിയ വാഹനങ്ങൾ കടന്നുപോകാനായി കുറച്ചു ദിവസം തുറന്നിരുന്നെങ്കിലും വീണ്ടും അടച്ചിട്ടതോടെ വ്യാപാരികളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നത്. മേൽപ്പാലം പ്രവൃത്തി മന്ദഗതിയിലാകുക കൂടി ചെയ്തതോടെ സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരണവും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജിയു നൽകുന്നതുൾപ്പെടെയുള്ള ഇടപെടലുകളുമായി നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും വ്യാപാരികളും സമരരംഗത്തുണ്ടായിരുന്നു.
മുസ്ലിം ലീഗ് താനൂർ മണ്ഡലം ജനറൽ സെക്രട്ടറി എം.പി.അഷ്റഫാണ് അഡ്വ. പി.പി. റഹൂഫ് മുഖേന ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ഹരജിയിൽ ബന്ധപ്പെട്ട കക്ഷികളോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഗേറ്റ് തുറക്കുന്നതിനും പാലം പ്രവൃത്തി വേഗത്തിലാക്കാനുമായി സജീവമായ ഇടപെടലുകൾ നടത്തിയ സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി.അബ്ദുറഹ്മാൻ പലപ്പോഴായി റെയിൽവേ ഉദ്യേഗസ്ഥരുടെയും പാലം നിർമാണം ഏറ്റെടുത്തവരുടെയും യോഗങ്ങൾ വിളിച്ചുചേർത്തെങ്കിലും ഗേറ്റ് തുറക്കൽ നീണ്ടു പോകുകയായിരുന്നു.
ഇതിനിടെ ഗേറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി സെപ്റ്റംബർ 13ന് റെയിൽവേക്ക് നൽകിയ കത്തിന് ഈ മാസം 14ന് നൽകിയ മറുപടിയിൽ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ അരുൺ കുമാർ ചതുർവേദി താനൂർ-തെയ്യാല റെയിൽവേ ഗേറ്റ് ഒരാഴ്ചക്കകം തുറന്നു കൊടുക്കുമെന്ന് അറിയിച്ചിരുന്നു. പ്രഖ്യാപിച്ച തീയതിയും കഴിഞ്ഞ് ഒരാഴ്ച കൂടി പിന്നിട്ട ശേഷമാണ് ഇപ്പോൾ ഗേറ്റ് തുറന്നത്.
താനൂരിലെ വ്യാപാര മേഖലയെ സാരമായി ബാധിച്ച ഗേറ്റ് അടച്ചിടലിന് അവസാനമായതിൽ വ്യാപാരി നേതാക്കൾ സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.