താനൂർ: താനൂരിൽ അനധികൃത മദ്യ, മയക്കുമരുന്നു കച്ചവടക്കാർക്കും എഴുത്തുലോട്ടറി നടത്തിപ്പുകാർക്കുമായി വല വിരിച്ച് പൊലീസ്. താനൂർ പൊലീസ് കഴിഞ്ഞദിവസം നടത്തിയ പ്രത്യേക ഓപറേഷനിൽ 40 പേർ പിടിയിലായി. താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, എ.എസ്.പി കെ.എസ്. ഷഹൻഷാ, ഇൻസ്പെക്ടർ ജീവൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ താനൂരിൽ നിരവധി കേസുകളിലായി നാൽപതോളം പ്രതികളാണ് വലയിലായത്.
താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എം.ഡി.എം.എയുമായി ഒരാളെ പിടികൂടി. താനാളൂർ പകര തേക്കുംകാട്ടിൽ അബ്ദുൽ ഗഫൂറിനെയാണ് (35) 5.30 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്.
നിരോധിത പുകയില ഉൽപന്നമായ ഹാൻസ് വിൽപന നടത്താൻ സൂക്ഷിച്ചുവെച്ച കാളാട് മണ്ടേപാട്ട് ഹംസ (60), ഒഴൂർ അയ്യായ കൊല്ലപ്പറമ്പിൽ ശിവശങ്കരൻ, അയ്യായ അരീക്കാട് സിദ്ദീഖ്, മോര്യയിൽനിന്ന് ബീരാൻകുട്ടിയെയും തെയ്യാലയിൽനിന്ന് മുഹമ്മദ് നസീറിനെയും ഹാൻസ് പാക്കറ്റുകൾ സഹിതം പിടികൂടി.
കൂടാതെ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിയ ഒട്ടുംപുറം പരിച്ചന്റെ പുരക്കൽ അറഫാത്ത് (32), ചിറക്കൽ മാട്ടുമ്മൽ പ്രമോദ് എന്നിവരെയും അനധികൃത മദ്യവിൽപന നടത്തിയ കുണ്ടുങ്ങൽ ആനപ്പടിക്കൽ സന്തോഷ് (42), ചിറക്കൽ വലിയ വീട്ടിൽ ആനന്ദൻ (61) എന്നിവരെയും പിടികൂടി. കൂടാതെ പൊതുസ്ഥലത്ത് മദ്യപിച്ചവർക്കെതിരെയും ലൈസൻസില്ലാതെയും മറ്റും വാഹനം ഓടിച്ചവർക്കെതിരെയും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.