താനൂർ: എടക്കടപ്പുറം മുക്കാത്തോട് കുളം നവീകരണ പ്രവൃത്തികൾക്കായി തുക വകയിരുത്തി വർഷം രണ്ടാകാറായിട്ടും പ്രവൃത്തി തുടങ്ങാത്തതിൽ പ്രതിഷേധമുയരുന്നു. എടക്കടപ്പുറം ടിപ്പു സുൽത്താൻ റോഡിൽ സ്ഥിതിചെയ്യുന്ന നൂറു വർഷത്തോളം പഴക്കമുള്ള മുക്കാത്തോട് കുളം ഏത് കടുത്ത വേനലിലും നിറയെ വെള്ളമുള്ള, പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ്സ് കൂടിയാണ്.
നാട്ടുകാർ കുളിക്കാനും മറ്റും കാലങ്ങളായി ഉപയോഗപ്പെടുത്തിയിരുന്ന കുളം പിന്നീട് മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാകുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് നഗരസഭ കുളം ശുദ്ധീകരിച്ചിരുന്നെങ്കിലും വീണ്ടും മാലിന്യം നിറയുകയായിരുന്നു. നഗരസഭയുടെ 2022-‘23 വർഷത്തെ ബജറ്റിൽ കുളം നവീകരിക്കാൻ 29.46 ലക്ഷം വകയിരുത്തിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
ഈ വേനലിലും പ്രവൃത്തി തുടങ്ങാനായില്ലെങ്കിൽ ഒരു വർഷം കൂടി കഴിഞ്ഞേ തുടങ്ങാനാകൂയെന്നതിനാൽ പ്രവൃത്തി ഏറ്റെടുത്തവരുടെ അനാസ്ഥക്കെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
മുക്കാത്തോട് നവീകരണ ഭാഗമായി വിദ്യാർഥികൾക്കടക്കം ഉപയോഗപ്പെടുത്താവുന്ന നീന്തൽക്കുളവും വശങ്ങളിൽ പ്രഭാത, സായാഹ്ന നടത്തത്തിനും വ്യായാമത്തിനുമായി ഇന്റർലോക്ക് കട്ടകൾ വിരിച്ചുള്ള നടപ്പാതയും സ്ഥാപിക്കുകയും കുളത്തിനുചുറ്റും വൈദ്യുത വിളക്കുകൾ സ്ഥാപിച്ച് മനോഹരമാക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിയന്തരമായി നവീകരണം ആരംഭിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. പ്രവൃത്തി നീളുന്നതിനെതിരെ വിവിധ ഓഫിസുകളിൽ പരാതി കൊടുത്തെങ്കിലും അനുകൂല മറുപടിയോ നടപടിയോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.