താനൂർ: നഗരസഭയുടെ കീഴിലുള്ള മോര്യയിലെ താനൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തി ചികിത്സക്കുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യമുയരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചു. 1983 മാർച്ച് 23ന് മുൻ തദ്ദേശ സ്വയംഭരണ മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടി താനൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കാലത്താണ് മോര്യയിൽ ആയുർവേദ ഡിസ്പെൻസറി ആരംഭിച്ചത്.
എൻ.എ.ബി.എച്ച് അംഗീകാരമുള്ള ഡിസ്പെൻസറിയിൽ പരിസര പഞ്ചായത്തിലുള്ളവരടക്കം നൂറിലധികം പേർ ദിവസവും ചികിത്സതേടിയെത്തുന്നുണ്ട്. പാലിയേറ്റിവ് രോഗികൾക്കായി ഹോം കെയർ സംവിധാനം ഉൾപ്പെടെ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇത് 2000 ജൂലൈ ഏഴ് മുതൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
ആയുർവേദ ഡിസ്പെൻസറി ആശുപത്രിയാക്കി ഉയർത്തണം എന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകിയിരുന്നു.
കെട്ടിടം നിർമിക്കുന്ന മുറക്ക് പരിഗണിക്കാം എന്നായിരുന്നു മറുപടി. 2014ൽ ജില്ല, ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും പണിതിട്ടുണ്ട്. ഭൂമി സൗകര്യവും വിശാലമായ റോഡു സൗകര്യവുമൊക്കെയുള്ള ഈ ഡിസ്പെൻസറി ആയുവേദ ആശുപത്രിയാക്കി ഉയർത്തിയാൽ പൊതുജനങ്ങൾക്ക് വലിയ അനുഗ്രഹമാകും. താനൂരിന്റെ പരിസരത്ത് വളവന്നൂരിൽ മാത്രമാണ് ഇപ്പോൾ ആയുവേദ ആശുപത്രിയുള്ളത്.
എൻ.എ.ബി.എച്ച് അംഗീകാരം കിട്ടിയ ജില്ലയിലെ നാല് ആയുവേദ ഡിസ്പെൻസറികളിൽ ഒന്നു കൂടിയാണ് മോര്യയിലെ പോക്കാട്ട് നാരായണൻ കുട്ടി നായർ സ്മാരക ഗവ. ആശുപത്രിയെന്നും നഗരസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പ്രമേയം കൗൺസിൽ യോഗം ഐകകണ്ഠ്യേന പാസാക്കി.
പ്രമേയം സർക്കാറിലേക്ക് അയക്കാനും തീരുമാനിച്ചു. അഞ്ചാം വാർഡ് കൗൺസിലർ വി.പി.എം അഷറഫ് പ്രമേയത്തെ പിന്താങ്ങി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി.അലി അക്ബർ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ജയപ്രകാശ്, കൗൺസിലർമാരായ വി.പി. ബഷീർ, പി.വി.നൗഷാദ്, മുസ്തഫ താനൂർ, ദിബീഷ് ചിറക്കൽ, പി.ടി. അക്ബർ എന്നിവർ പ്രമേയത്തെ പിന്താങ്ങി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.