താനൂര്‍: കേരളവും അറബ് നാടുകളും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെ സാക്ഷ്യപ്പെടുത്തും വിധം അറബ് പത്രങ്ങൾ കേരളത്തെയും ഇവിടത്തെ പ്രധാന സംഭവവികാസങ്ങളെയും പ്രാധാന്യപൂർവം വാർത്തയാക്കിയത് ലോക അറബിഭാഷ ദിനത്തോടനുബന്ധിച്ച് പ്രത്യേക പ്രദർശനത്തിലൂടെ പൊതുജനങ്ങളിലേക്കെത്തിച്ചിരിക്കുകയാണ് താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് വിദ്യാർഥികൾ. കോളജിലെ സിവിലൈസേഷനൽ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘കൈരാലാ’ പ്രദർശനം യമനീ ഗവേഷകനായ ബസ്സാം അഹമ്മദ് അൽ ഗഫൂരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പൽ സി.എം. അബ്ദുസ്സമദ് ഫൈസി അധ്യക്ഷത വഹിച്ചു. തിരൂർ ടി.എം.ജി കോളജ് അറബിക് വിഭാഗം അധ്യാപകൻ ഡോ. കെ.ടി. ജാബിർ ഹുദവി, വൈസ് പ്രിൻസിപ്പൽ ഡോ. ഇസ്മാഈൽ ഹുദവി ചെമ്മലശ്ശേരി, അബ്ദുറശീദ് ഫൈസി ചുങ്കത്തറ, സി.പി. ബാസിത് ഹുദവി തിരൂർ എന്നിവർ സംബന്ധിച്ചു.
1920കളില്‍ സൗദിയില്‍നിന്നും പുറത്തിറങ്ങിയിരുന്ന ഉമ്മുല്‍ ഖുറാ പത്രമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയ പത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഫലസ്തീന്, കുവൈത്ത്, ഒമാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പുറത്തിറങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. പ്രദർശനം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും.
താനൂർ: മണലിപ്പുഴ ജി.എം.എൽ.പി സ്കൂളിലെ അറബി ഭാഷ ദിനാചരണം മലയാളിയായ അറബിക് നോവലിസ്റ്റ് അബൂബക്കർ അസ്ഗർ ഉദ്ഘാടനം ചെയ്തു. അറബിദിനപതിപ്പ് പ്രധാനാധ്യാപകൻ എം. ശങ്കരൻ സ്കൂൾ ലീഡർ ഫാത്തിമ റിൻഷക്ക് നൽകി പ്രകാശനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വേണ്ടി കാലിഗ്രാഫി മത്സരം നടന്നു. മത്സരത്തിൽ ഒന്നാംസ്ഥാനം ഷാക്കിറയും രണ്ടാം സ്ഥാനം ജുബൈരിയയും നേടി.
അറബിക് അസംബ്ലി, കുട്ടികളുടെ കല സാഹിത്യ പരിപാടികൾ, പ്രീ പ്രൈമറി കുട്ടികളുടെ അറബിക് കൊറിയോഗ്രാഫി എന്നിവയും നടന്നു. എസ്.ആർ.ജി കൺവീനർ കെ. നസീഹ, ആയിഷ, അബ്ദുൽ അൻസാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.