കീഴുപറമ്പ്: പതിറ്റാണ്ടുകൾക്കു മുമ്പത്തെ ഫോട്ടോ പുനരാവിഷ്കരിച്ച് വായനശാല പ്രവർത്തകർ. കുനിയിൽ പ്രഭാത് വായനശാലയുടെ ആദ്യകാല പ്രവർത്തകരാണ് ഒരിക്കൽ കൂടി ഒത്തുചേർന്ന് പുതിയ പശ്ചാത്തലത്തിൽ പഴയ ഫോട്ടോക്ക് വീണ്ടും പോസ് ചെയ്തത്. 1974ൽ വായനശാല ആരംഭിക്കുമ്പോൾ ഇവരെല്ലാം ചേർന്ന് ഫോട്ടോ എടുത്തിരുന്നു. ഈയിടെ ആ ഫോട്ടോയുടെ കോപ്പി ലഭിക്കുകയുണ്ടായി. പുതുതലമുറക്ക് തിരിച്ചറിയാൻ പറ്റാത്തവിധം വായനശാലക്കും പ്രവർത്തകർക്കുമുണ്ടായ മാറ്റങ്ങൾ പടത്തിൽ പ്രകടമായിരുന്നു.
ഈ ഫോട്ടോ എല്ലാവർക്കും കൗതുകമായതോടെയാണ് അതിന്റെ പുനരാവിഷ്കാരം നടത്താൻ വായനശാല ഭാരവാഹികൾ തീരുമാനിച്ചത്. അന്നത്തെ 21 പേരിൽ ജീവിച്ചിരിക്കുന്ന 18 പേരെയും വായനശാലയുടെ പുതിയ കെട്ടിടത്തിനു മുന്നിൽ പഴയ പോസിൽ നിർത്തി ലോക ഫോട്ടോഗ്രഫി ദിനമായ ആഗസ്റ്റ് 19നാണ് ഫോട്ടോയെടുത്തത്.
‘ഒരു വട്ടം കൂടി’ എന്ന പേരിലെടുത്ത ഫോട്ടോയിൽ കുനിയിൽ ന്യൂ ബസാറിൽ തയ്യൽ കട നടത്തിയിരുന്ന എം.പി. അബ്ദുറഹ്മാൻ, പ്രവാസിയായിരുന്ന കെ.വി. മുഹമ്മദ്, വളരെ ചെറുപ്പത്തിൽ തന്നെ മരിച്ച കാശീരി വീരാൻ കുട്ടി എന്നിവരാണ് ഇപ്പോൾ ഇല്ലാത്തവർ.
അന്നത്തെ ഓടിട്ട കെട്ടിടത്തിന് പകരം ഇന്ന് പ്രഭാത് വായനശാല ബഹുനില കെട്ടിടവും 12,000 ത്തോളം പുസ്തക ശേഖരവും സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ എ ഗ്രേഡോടും കൂടിയ ഏറനാട് താലൂക്കിലെ മികച്ച ലൈബ്രറികളിൽ ഒന്നായി മാറിയിട്ടുണ്ട്.
കൂട്ടത്തിൽ നിന്നുവിട്ടുപോയ സുഹൃത്തുക്കൾക്കും വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മരിച്ചവർക്കും മൗന പ്രാർത്ഥന അർപ്പിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്. വായനശാല പ്രസിഡന്റ് ടി.കെ. ഷുക്കൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് മുനീർ, കെ.പി. ജലീസ്, പി. ഗോപാലൻ, കെ.ടി. റിഷാദ്, അലി കാരുവാടൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.