തിരുനാവായ: ആളനക്കമില്ലാതെ സ്ഥിതിചെയ്യുന്ന എടക്കുളം മാർക്കറ്റ് കെട്ടിടം നവീകരിച്ച് ജനോപകാര കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായി. ഒരുകാലത്ത് പഞ്ചായത്തിലെ തിരക്കൊഴിയാത്ത കേന്ദ്രമായിരുന്നു തിരുനാവായ റെയിൽവെ സ്റ്റേഷൻ പരിസരത്തെ മത്സ്യ-മാംസ മാർക്കറ്റ്. വർഷങ്ങളായി ആരും എത്താത്തതിനാൽ ഇവിടെ ആളനക്കമില്ല.
അടുത്ത കാലംവരെ പഞ്ചായത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് ഇവിടെയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് പണിത രണ്ട് മുറികളുൾപ്പെടെയുള്ള കെട്ടിടം ഇപ്പോൾ ഉപയോഗ ശൂന്യമാണ്. എടക്കുളം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തതോടെ റെയിൽവേ ഗേറ്റ് സ്ഥിരം അടച്ചിട്ടതും പിന്നീട് ഇവിടെ റെയിൽവേ അൺലോഡിങ് യാർഡ് വന്നതുമാണ് വിനയായത്.
അതോടെ വ്യാപാര സ്ഥാപനങ്ങൾ ഓരോന്നായി മയ്യത്തങ്ങാടി, കുന്നമ്പുറം ഭാഗങ്ങളിലേക്ക് മാറിയതിനാൽ ജനം മാർക്കറ്റിനെ ആശ്രയിക്കാതെയായി. ഇതുമൂലം ഇപ്പോൾ ഇവിടെ മാലിന്യ നിക്ഷേപ കേന്ദ്രമായി.
ഈ സാഹചര്യത്തിൽ കെട്ടിടം നവീകരിച്ച് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷി ഭവനുൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇവിടേക്ക് മാറ്റി ജനോപകാരപ്രദമാക്കാൻ അധികാരികൾ ശ്രമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.