തിരുന്നാവായ: പല്ലാറിനെ വിഭജിച്ച് കടന്നുപോകുന്ന കോഴിക്കോട്-ഷൊർണൂർ റെയിൽവേ ഡബിൾ ലൈനിന്റെ ചൂണ്ടിക്കൽ ഭാഗത്ത് ഇരുഭാഗത്തും കമ്പിവേലി കെട്ടാനുള്ള റെയിൽവേ നീക്കം ജനത്തിന്റെ ദുരിതം വീണ്ടും വർധിപ്പിക്കുമെന്ന് നാട്ടുകാർ.
സൗത്ത്, നോർത്ത് പല്ലാറിലെ ജനങ്ങൾക്ക് അത്യാവശ്യത്തിന് പോലും റെയിൽ പാളം മുറിച്ച് കടക്കാൻ കഴിയാത്ത വിധമുള്ള പ്രവർത്തനങ്ങൾക്കാണ് റെയിൽവേ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഇരുഭാഗങ്ങളിലും ഇരുമ്പുതൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു.
ട്രെയിൻ സുരക്ഷ മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുമൂലം യു.പി, ഹൈസ്കൂൾ പഠനത്തിനായി പോകുന്ന വിദ്യാർഥികൾ, വൈരങ്കോട് ക്ഷേത്രം, ജുമുഅത്ത് പള്ളി, റേഷൻ കട, ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പോകുന്നവരെല്ലാം വലിയ പ്രയാസത്തിലാകുമെന്ന് പരിസരവാസികൾ പറയുന്നു.
വേലി വന്നാൽ ഇവിടങ്ങളിലെത്താൻ കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സ്ഥിതി വരും. ഇതിന് പരിഹാരമായി ചൂണ്ടിക്കൽ പാലപ്പറമ്പിൽ ഇരു ഭാഗങ്ങളിലും റെയിൽവേക്ക് സമീപം വന്ന് നിൽക്കുന്ന റോഡുകളെ ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കാൻ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് വാർഡ് അംഗം സൂർപ്പിൽ ബാവ ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലം എം.പി, എം.എൽ.എമാർ എന്നിവരുമായി ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.