തിരൂർ: റിങ് റോഡ് പരിസരത്ത് ഓട്ടോയിൽ രാസലഹരി ഉപയോഗിക്കുന്നതിനിടെ ഓട്ടോ ഡ്രൈവർമാരായ മൂന്നുപേരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ വലിയവീട്ടിൽ ആബിദ് അലി (38), വെട്ടം സ്വദേശികളായ കുട്ടൻപള്ളി മുഹമ്മദ് അർഷദ് (28), രായിൻ മരക്കാരകത്ത് തമീം (35) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി നടന്ന പ്രത്യേക പരിശോധനക്കിടെ പിടികൂടിയത്.
പൊലീസിനെ കണ്ട് കൈവശം വെച്ച് ഉപയോഗിക്കുകയായിരുന്ന മയക്കുമരുന്ന് പ്രതികളിലൊരാൾ ചെളിയിൽ ഉപേക്ഷിച്ചു. ഇത് കണ്ട് പരിശോധന നടത്തിയതോടെ ഓട്ടോയിൽനിന്ന് ഒരു പാക്കറ്റ് രാസലഹരി കണ്ടെത്തുകയായിരുന്നു.
പ്രതികളുടെ മൂന്ന് ഓട്ടോകളും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ സി.ഐ എം.ജെ. ജിജോ, എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ രതീഷ് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
തിരൂരിലെ ഓട്ടോ ഡ്രൈവർമാരായ മൂന്നുപേരും മയക്കുമരുന്ന് വിൽപനയുടെ കണ്ണികളാണോയെന്ന് സംശയിക്കുന്നതായും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ പ്രത്യേക പരിശോധന തുടരുമെന്നും തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.