തിരൂര്‍: ഫണ്ടില്ലാതെ നവീകരണം നടക്കാതെ ശോച്യാവസ്ഥയിലായ സമയത്താണ് തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ചുറ്റുമെന്നോണം നടപ്പാത നിര്‍മാണം നടന്നത്. 450 മീറ്റര്‍ നീളത്തിലാണ് നിലവില്‍ നടപ്പാത നിര്‍മിച്ചത്. ഈ നടപ്പാത പൂര്‍ണമായി ഗ്രൗണ്ടിന് ചുറ്റുമെത്തിയിട്ടില്ല താനും. 60 ലക്ഷം രൂപ ചെലവഴിച്ചാണ് നടപ്പാത നിര്‍മാണം. സി. മമ്മുട്ടി എം.എല്‍.എ കൊണ്ടുവന്ന പദ്ധതിയാണിത്. എന്നാല്‍, സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് നടപ്പാത പൊളിക്കേണ്ടിവരുമെന്നാണ് പ്രദേശവാസികളും വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നത്.
നടപ്പാത നിര്‍മാണത്തിന് ഉപയോഗിച്ച ഫണ്ട് സ്റ്റേഡിയം നവീകരണത്തിന് വകമാറ്റിയിരുന്നെങ്കില്‍ തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയം ഇത്തരം ശോച്യാവസ്ഥയിലേക്ക് കൂപ്പുകുത്തില്ലായിരുന്നു. നടപ്പാത പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയത്തിലെ നശിച്ച പുല്ല് വിരിച്ച് ഫെന്‍സിങ് കെട്ടി സംരക്ഷിക്കാനും ഫുട്ബാള്‍ കോര്ട്ടൊരുക്കാനുമെല്ലാം കഴിയുമായിരുന്നു. സ്റ്റേഡിയം വികസന പദ്ധതി വരുമ്പോഴും ഗാലറി നവീകരണം വരുമ്പോഴും ഗാലറിക്ക് തൊട്ട് പിന്നിലായും സ്റ്റേഡിയം കവാടത്തിന് ഇരുവശങ്ങളിലുമായുള്ള നടപ്പാത പൊളിക്കേണ്ട സാഹചര്യമാണുള്ളത്.
കൂടാതെ, സ്റ്റേഡിയം നഗരസഭയില്‍നിന്ന് അനുമതി വാങ്ങിയവര്‍ക്ക് എത്ര സമയം വേണമെങ്കിലും ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്. ഗ്രാസ് കോര്‍ട്ട് ഒരു ദിവസം ഉപയോഗിക്കാവുന്ന സമയത്തിലധികമാണ് അനുമതി വാങ്ങിയവര്‍ ഉപയോഗിക്കുന്നത്. ഇത് ഗ്രൗണ്ട് നശിക്കുന്നതിന് പ്രധാന കാരണമാവുന്നുണ്ട്. ഗ്രൗണ്ട് നനക്കാന്‍ പോലും അത്യാധുനിക സൗകര്യങ്ങളില്ല. ടോയ്ലറ്റ് സൗകര്യമില്ലാത്തത് കായിക താരങ്ങളെയും സ്റ്റേഡിയത്തിലെത്തുന്നവരെയും കുറച്ചൊന്നുമല്ല വലക്കുന്നത്. കൂടാതെ, ഇത്രയും കാലമായിട്ടും കുടിവെള്ള സൗകര്യം പോലും ഒരുക്കിയിട്ടില്ല.
തിരൂര്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തുന്നവര്‍ മോഷ്ടാക്കളെയും ഭയക്കേണ്ട അവസ്ഥയിലാണ്. പരിശീലനത്തിനെത്തുന്നവരുടെ മൊബൈല്‍ ഫോണും പഴ്സും ഉള്‍പ്പെടെയാണ് മോഷ്ടിക്കുന്നത്. പരിശീലനത്തിനെത്തുന്ന ഫുട്ബാള്‍ താരങ്ങളുടെയും അത്ലറ്റുകളുടെയും മൊബൈലും പഴ്സും ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ഇതിന് പ്രധാന കാരണം പേരിന് പോലും ഒരു ഡ്രസ്സിങ് റൂമില്ലെന്നതാണ്.
ഡ്രസ്സിങ് റൂമിനൊപ്പം സ്റ്റേഡിയത്തില്‍ പുല്ല് വിരിച്ച് നവീകരണം നടത്തിയാല്‍തന്നെ കേരള പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക് തിരൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയം വേദിയാവും. നിലവില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് സ്റ്റേഡിയത്തിനുള്ളത്. രാവിലെയും വൈകീട്ടുമാണ് ജീവനക്കാരന്റെ സേവനമുണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ബാക്കി സമയങ്ങളിലും പ്രത്യേകിച്ച് രാത്രികളില്‍ ഉള്‍പ്പെടെ സാമൂഹിക വിരുദ്ധര്‍ സ്റ്റേഡിയത്തെ താവളമാക്കുകയാണ്. ഇക്കാര്യം സമീപവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും വേണ്ട നടപടിയുണ്ടായിട്ടില്ല.
സ്റ്റേഡിയത്തിന്റെ ഗാലറിക്ക് പിറകിലായി കാടുപിടിച്ച സാഹചര്യവും സാമൂഹിക വിരുദ്ധര്‍ അവസരമാക്കുകയാണ്. ഹൈമാസ്റ്റ് ലൈറ്റുള്‍പ്പെടെ തകരാറിലാണെന്നതിനാലും രാത്രികളില്‍ സാമൂഹികവിരുദ്ധരുടെ പ്രധാന താവളങ്ങളിലൊന്നായി സ്റ്റേഡിയവും പരിസരവും മാറുന്നു. സ്റ്റേഡിയത്തില്‍ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാൻ ആംബുലന്‍സ് സിന്തറ്റിക് ട്രാക്കിലേക്ക് കയറ്റുന്നതും പതിവാണ്. സിന്തറ്റിക് ട്രാക്കിന് തൊട്ടടുത്തുവരെ സൗകര്യമുള്ളപ്പോഴാണ് കോടികള്‍ ചെലവഴിച്ച സിന്തറ്റിക് ട്രാക്കില്‍ വാഹനം കയറ്റുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.