തിരൂർ: തിരൂർ വഴി മറ്റൊരു രാത്രികാല ദീർഘദൂര സർവിസ് കൂടി ഞായറാഴ്ച മുതൽ ആരംഭിക്കും. അടൂരിൽ ആരംഭിച്ച് എറണാകുളം-തിരൂർ-സുൽത്താൻബത്തേരി വഴി പെരിക്കല്ലൂർ വരെ നീളുന്നതാണ് പുതിയ സൂപ്പർ ഡീലക്സ് സർവിസ്. പുഷ്ബാക്ക് സീറ്റുകളോടുകൂടിയ സർവിസിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഇതോടെ തിരൂർ വഴി കെ.എസ്.ആർ.ടി.സി ഡീലക്സ് വിഭാഗത്തിൽപെട്ട സർവിസുകളുടെ എണ്ണം മൂന്നായി.
അടൂരിൽനിന്ന് വൈകീട്ട് ഏഴിന് പുറപ്പെടുന്ന ബസ് തിരുവല്ല, കോട്ടയം, കാഞ്ഞിരമറ്റം വഴി 9.30ന് എറണാകുളത്ത് എത്തിച്ചേരും. 9.45ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ബസ് ഗുരുവായൂർ വഴി അർധരാത്രി 12.45ന് തിരൂരിലും തുടർന്ന് കോഴിക്കോട്-കൽപ്പറ്റ-സുൽത്താൻബത്തേരി വഴി പുലർച്ച 5.15ന് പെരിക്കല്ലൂരിൽ എത്തിച്ചേരും.
പെരിക്കല്ലൂരിൽനിന്ന് രാത്രി 9.15ന് തിരിക്കുന്ന ബസ് സുൽത്താൻ ബത്തേരിയിൽ 10.15നും കോഴിക്കോട് 12.30നും തിരൂരിൽ പുലർച്ച 2 മണിക്കും തുടർന്ന് ഗുരുവായൂർ-എറണാകുളം-കാഞ്ഞിരമറ്റം-കോട്ടയം വഴി രാവിലെ 7.15ന് അടൂരിലും എത്തിച്ചേരുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്.
ഇതോടെ തിരൂരിൽനിന്ന് ചെങ്ങന്നൂർ, പന്തളം, തിരുവല്ല, കോട്ടയം, അടൂർ എന്നിവിടങ്ങളിലേക്ക് നേരിട്ട് ഒരു സർവിസ് കൂടിയാവും ഇത്. കോട്ടയം, എറണാകുളം ഭാഗത്തുനിന്നും രാത്രി പൊന്നാനി-തിരൂർ ഭാഗത്തേക്ക് വരുന്ന യാത്രക്കാർക്കും പുലർച്ച വയനാട് എത്തിച്ചേരേണ്ട യാത്രക്കാർക്കും ഈ സർവിസ് പ്രയോജനമാകും.
തിരിച്ചുള്ള യാത്രയിൽ വയനാട് ഭാഗത്തുനിന്നും രാത്രി തിരൂർ, പൊന്നാനി ഭാഗത്തേക്ക് വരുന്നവർക്കും എറണാകുളം, കോട്ടയം ഭാഗത്തേക്ക് പുലർച്ച എത്തിച്ചേരേണ്ടവർക്കും ഈ സർവിസിനെ ആശ്രയിക്കാനാകും. ഓൺലൈൻ റിസർവേഷൻ സൗകര്യവും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.