തിരൂർ: 1921ലെ വാഗൺ കൂട്ടക്കൊലക്ക് സാക്ഷിയായ തിരൂരിൽ അതിന്റെ സ്മരണക്കും ചരിത്രന്വേഷികൾക്കും വിദ്യാർഥികൾക്ക് പഠനത്തിനുമായി മ്യൂസിയം തന്നെ ഒരുക്കുകയാണ് നഗരസഭ. വാഗൺ ട്രാജഡി സ്മാരകമായ ടൗൺഹാൾ വളപ്പിൽ തന്നെയാണ് ഇതിനുള്ള കെട്ടിടം പൂർത്തിയായി വരുന്നത്.
ചരിത്രശേഷിപ്പുകൾ തേടിയുള്ള യാത്രയുടെ ഭാഗമായി തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗത്തിന്റെ സഹായം തേടി യൂനിവേഴ്സിറ്റിയിലെത്തി സീനിയർ പ്രഫ. ടി. ശിവദാസുമായി ആശയവിനിമയം നടത്തി. ഈ രംഗത്ത് ഗവേഷണം നടത്തുകയും ആധികാരിക ഗ്രന്ഥങ്ങൾ രചിക്കുകയും ചെയ്ത മഹത് വ്യക്തിയാണ് ഡോ. ശിവദാസ്. ഇതുമായി ബന്ധപ്പെട്ട അമൂല്യ രേഖകളുടെയും പുസ്തകങ്ങളുടെയും ശേഖരം തന്നെ പ്രഫ. ശിവദാസിന്റെ കൈവശമുണ്ട്.
മ്യൂസിയം ഒരുക്കുന്നതിന് മുന്നോടിയായി ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടം സന്ദർശിക്കും. ഇതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങളും നൽകാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായി ചെയർപേഴ്സൻ അറിയിച്ചു. സംഘത്തിൽ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. സലാം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.കെ.കെ. തങ്ങൾ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.