തിരൂർ: ഡിസംബർ 24ന് കോട്ടക്കലിൽ നടക്കുന്ന മാധ്യമം ‘ഹാർമോണിയസ് കേരള’ ആദ്യ കേരള എഡിഷന്റെ ഭാഗമായി ‘മാധ്യമ’വും തിരൂർ മെജസ്റ്റിക് ജ്വല്ലറിയും ചേർന്ന് സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മെഹന്തി ഫെസ്റ്റ് ശനിയാഴ്ച തിരൂർ മെജസ്റ്റിക് ജ്വല്ലറിയിൽ നടക്കും. ഉച്ചക്ക് 2.30നാണ് മത്സരം.
മെഹന്തി ഫെസ്റ്റിലെ വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഫെസ്റ്റിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളുണ്ട്. മെഹന്തിയിടാൻ ആവശ്യമായ സാധനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നവർ കൊണ്ടുവരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാനാവുക.
ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ മലയാളികളുടെ മുന്നിലേക്ക് എത്തുകയാണ്. കൂട്ടായ്മയുടെ നാടെന്ന് ലോകം എന്നും വാഴ്ത്തിയ മലപ്പുറത്തിന്റെ മണ്ണിലേക്കാണ് ഹാർമോണിയസ് കേരളയുടെ ആദ്യ കേരള സീസൺ എത്തുന്നത്. എന്നും സാഹോദര്യത്തിന്റെ പ്രതീകമായി മാറിയ, സ്നേഹ സൗഹൃദങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും നാടെന്ന ഖ്യാതി ഒപ്പംകൂട്ടിയ മലപ്പുറം ജില്ലക്ക് മാധ്യമം നൽകുന്ന സ്നേഹോപഹാരംകൂടിയാണ് ‘ഹാർമോണിയസ് കേരള’യുടെ ഈ എഡിഷൻ.
ആയുർവേദത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച, ആയുർവേദ നഗരമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന, കേരളത്തിന്റെ തനിമയും സംസ്കാരവും ചേർത്തുവെക്കുന്ന കോട്ടക്കലിലാണ് ഡിസംബർ 24ന് ‘ഹാർമോണിയസ് കേരള’യുടെ ആദ്യ കേരള എഡിഷൻ അരങ്ങേറുന്നത്.
കോട്ടക്കൽ ആയുർവേദ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷ രാവിൽ മലയാളത്തിലെ സാംസ്കാരിക മേഖലയിലെ പ്രമുഖർക്ക് പുറമെ പ്രശസ്ത കലാകാരൻമാർ അണിനിരക്കും. ടെലിവിഷൻ അവതാരകനും നടനുമായ മിഥുൻ രമേശ്, പാട്ടിൽ വിസ്മയം തീർക്കാൻ സൂരജ് സന്തോഷ്, നജീം അർഷാദ്, അക്ബർ ഖാൻ, ജാസിം ജമാൽ, ക്രിസ്റ്റകല, നന്ദ തുടങ്ങിയവരും വേദിയിലെത്തും. പുതുകാല ഹാസ്യ ശബ്ദഭാവങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് സിദ്ദീഖ് റോഷനും ആഘോഷരാവിൽ പങ്കുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.