തിരൂർ: പടിഞ്ഞാറെക്കര കാട്ടിലപ്പള്ളിയിൽ മൂന്നാംദിനവും പുലിയെ പിടികൂടാൻ കെണിയൊരുക്കി വനംവകുപ്പ്. കഴിഞ്ഞ രണ്ടുദിവസവും പുലിയെ പിടികൂടാനുള്ള വനം വകുപ്പ് ശ്രമം വിജയം കണ്ടിരുന്നില്ല. ഇതോടെ പുലിക്കൂട് മാറ്റിസ്ഥാപിച്ചു. നിലവിലെ സ്ഥലത്തുനിന്ന് മാറ്റി 25 മീറ്റർ അകലെ കാട് പിടിച്ചു കിടക്കുന്ന സ്ഥലത്തേക്കാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിക്കൂട് സ്ഥാപിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പല ഭാഗങ്ങളിലും നാട്ടുകാർ പുലിയെ കണ്ട വിവരം അറിയിച്ചതായി നിലമ്പൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചർ എ. നാരായണൻ അറിയിച്ചു. പുലി കടന്ന് പോവുന്ന സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസം കൂടുതൽ കാമറ സ്ഥാപിച്ചിരുന്നു. കാമറകൾ ശനിയാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കും.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് പുലിക്കൂട് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് ദിവസം ഇരയെ വെച്ചുള്ള പുലിയെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും പുള്ളിപുലി ഉടൻ കൂട്ടിലാവുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
തിരൂർ: പടിഞ്ഞാറെക്കര കാട്ടിലപ്പള്ളി പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്തെ മദ്റസകളുടെ സമയം മാറ്റി ക്രമീകരിച്ചു.
പടിഞ്ഞാറെക്കര മുതൽ അഴിമുഖം വരെയുള്ള ഭാഗങ്ങളിലെ മദ്റസകളായ നജ്മുൽ ഹുദ പണ്ടായി, നൂറുൽ ഇസ്ലാം ഹംസത്ത് നഗർ, പടിഞ്ഞാറെക്കര മിഫ്താഹുൽ ഇസ്ലാം, ജെട്ടി ലൈൻ സിറാജുൽ ഹുദ എന്നീ മദ്റസകളുടെ പ്രവർത്തന സമയം രാവിലെ 7.30 മുതൽ 9 മണി വരെയും കാട്ടിലപ്പള്ളി ബദറുൽ ഹുദ മദ്റസ എട്ട് മുതൽ ഒമ്പത് വരെയുമാണ് പ്രവർത്തിക്കുകയെന്നും പുറത്തൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.