തിരൂർ: കുറ്റൂർ ഡി.എസ്.എൽ.പി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ ഏറ്റെടുക്കണമെന്ന് തെക്കൻ കുറ്റൂർ മേഖല യു.ഡി.എഫ് പ്രവർത്തക യോഗം ആവശ്യപ്പെട്ടു. 14 വർഷം മുമ്പ് സംസ്ഥാന സർക്കാറിന് വിട്ടുനൽകിയ കുറ്റൂർ ഡി.എസ്.എൽ.പി സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇന്നും ഏറ്റെടുത്തിട്ടില്ല.
വർഷങ്ങളായി വിരമിച്ച തസ്തികകൾ നികത്തുന്നില്ല. സാങ്കേതികത്വം ചൂണ്ടിക്കാണിച്ച് അധികൃതർ താൽക്കാലിക നിയമനം പോലും നിഷേധിക്കുകയാണ്. ഭൂമിയും കെട്ടിടവും ഏറ്റെടുക്കാമെന്ന നിയമോപദേശം സംസ്ഥാന വിദ്യാഭ്യാസ അധികൃതർക്ക് ലഭിച്ചിട്ടും ഏറ്റെടുക്കൽ മാത്രം നടന്നിട്ടില്ല.
നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇന്ന് വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ് 20ൽ എത്തിനിൽക്കുന്നതിനാൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. തുടർച്ചയായി പ്രധാനാധ്യാപിക അടക്കം രണ്ട് അധ്യാപകർ മാത്രം പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ നിലനിൽപ് ഭദ്രമല്ലാത്തതിനാൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.
പഞ്ചായത്തുകൾക്ക് എൽ.പി സ്കൂളുകളുടെ ഭരണാധികാരം സംസ്ഥാനത്ത് ലഭ്യമായിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും പൊതുവിദ്യാഭ്യാസ മേഖലക്ക് പ്രഥമ പരിഗണന നൽകുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ തുടർച്ചയായി ഭരിച്ചിട്ടും സ്കൂളിന്റെ ശോച്യാവസ്ഥ തുടരുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
60 ലക്ഷം രൂപ ചെലവഴിച്ച് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തലക്കാട് പഞ്ചായത്ത് കെട്ടിട നിർമാണവും മതിൽ നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. സ്കൂൾ ഉടൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് സ്കൂളിന്റെ ഭാവി ഭദ്രമാക്കണമെന്നും പ്രവർത്തകയോഗം അധികാരികളോട് ആവശ്യപ്പെട്ടു. എ.ടി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എം.പി. അബ്ദുൽ റഹ്മാൻ, മുല്ലഞ്ചേരി മുഹമ്മദ് കാസിം, നിതിൻ കുറ്റൂർ, താമി പണ്ടാരത്തിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.