തിരൂർ: നവകേരള യാത്രയുമായി ബന്ധപ്പെട്ട് തിരൂരിൽ നടന്ന പ്രഭാതസദസ്സിൽ വ്യത്യസ്ത വിഷയങ്ങളുമായി ക്ഷണിതാക്കൾ. എല്ലാത്തിനും ഉത്തരം പറയാൻ കഴിയില്ലെന്ന് പറഞ്ഞ് മറുപടിപ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ചില വിഷയങ്ങൾ പരാമർശിച്ചു പോയി. തിരൂര്‍ ബിയാന്‍ കാസിലില്‍ ആയിരുന്നു പ്രഭാതസദസ്സ്.
നവകേരള സദസ്സ് രാജ്യത്തിനാകെ മാതൃകയാണെന്നും ജനാധിപത്യ സംവിധാനത്തില്‍ പുതുമയുള്ള നടപടിയാണെന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. കൃത്യം ഒന്നര മണിക്കൂറായിരുന്നു സദസ്സ്. പരാതി ഉന്നയിക്കാൻ സാധിക്കാത്തവരുടെ നിവേദനങ്ങൾ ഉദ്യോഗസ്ഥർ വാങ്ങി.
പ്രഭാത സദസ്സിൽ ക്ഷണിതാവായി പങ്കെടുത്ത ജലാല്‍ തങ്ങള്‍ ആവശ്യപ്പെട്ടത് മലപ്പുറം ജില്ലയെ വിഭജിക്കണമെന്ന്. 42 ലക്ഷത്തിലധികം ജനങ്ങളുള്ള ജില്ലയിൽ കൂടുതല്‍ വികസനം കൊണ്ടുവരാന്‍ ഇതുമൂലം കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് പരിശോധിക്കേണ്ട കാര്യമാണെന്നും ജില്ല, താലൂക്കുകള്‍ എന്നിവ വിഭജിക്കൽ പെട്ടെന്ന് നടത്താന്‍ സാധിക്കുന്ന കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂര്‍, തിരൂരങ്ങാടി താലൂക്ക് വിഭജിച്ച് താനൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണമെന്ന് റിട്ട. പ്രഫസർ ബാബു അഭ്യർഥിച്ചു.
പ്രഭാതസദസ്സിൽ ആദ്യമറുപടി വെറ്റില സംബന്ധിച്ച്. വെറ്റിലയെയും കൃഷിയില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ഷകനായ അബ്ദുല്‍ ഹമീദാണ് ആവശ്യപ്പെട്ടത്. വെറ്റില കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേതെന്നും തിരൂര്‍ വെറ്റിലക്ക് ഭൗമസൂചിക പദവി ലഭിച്ചത് സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും വിള ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വെറ്റിലയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ ഹോമിയോയെ ആരോ കുറ്റം പറയുന്നത് കേട്ടു. അത് ശരിയല്ല. ഹോമിയോ മരുന്നിന് അതിന്റെതായ പ്രയോജനമുണ്ട്. വിശദമായി അറിയണമെങ്കിൽ എന്റെ അടുത്ത് വന്നാൽ ഞാൻ പിന്നീട് പറഞ്ഞ് തരാം എന്തൊക്കെ രോഗങ്ങൾ മാറ്റാൻ ഹോമിയോക്ക് കഴിയുമെന്ന്.-മുഖ്യമന്ത്രി പറഞ്ഞു.
താനൂര്‍ മോര്യകാപ്പില്‍ ഉപ്പുവെള്ളം കയറി കൃഷി നശിക്കുകയാണെന്നും ഇത് തടയാന്‍ പൂരപ്പുഴയില്‍ റഗുലേറ്റര്‍ സ്ഥാപിക്കണമെന്നും താനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ അഭിപ്രായപ്പെട്ടു. കനോലി കനാല്‍ മലിനമാണ്. അത് ശുചീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണം. താനൂര്‍ അംബേദ്കര്‍ എസ്.സി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കണം. ഇക്കാര്യമെല്ലാം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും വിമാനകമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും പ്രവാസിയായ മടപ്പാട് അബൂബക്കര്‍. കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രസര്‍ക്കാറിന്റെ ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും നിര്‍ഭാഗ്യവശാല്‍ അത് ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്കി.
നവപ്രതിഭാ ഗവേഷണ കേന്ദ്രം
ഗവേഷണ ത്വരയുള്ള വിദ്യാര്‍ഥികളെ ചെറുപ്പത്തില്‍ തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ഓരോ ജില്ലയിലും നവപ്രതിഭാ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ മുഹമ്മദ് സലീം ആവശ്യപ്പെട്ടു. പൊതുവിഭ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുർമന്ത്രവാദത്തിനെതിരെ നിയമനിർമാണം നേരത്തെ പറഞ്ഞുകേട്ടെങ്കിലും നടപ്പായില്ലെന്ന് എനര്‍ജി കണ്‍സള്‍ട്ടന്റ് കെ. നാരായണന്. മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അതിനെതിരെ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദുര്‍മന്ത്രവാദത്തിനെതിരെ ഫലപ്രദമായ നിയമം നാടിന്റെ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ മൊബൈല്‍ ടവര്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനാവശ്യമായി സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നു എന്നത് ശരിയല്ലെന്നും കഴിയാവുന്നത്ര അനുമതി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നത് നല്ല കാര്യമാണെന്നും ഇത്തരം പ്രഭാത യോഗങ്ങള്‍ മാതൃകാപരമാണെന്നും ക്ഷണിതാവായി പങ്കെടുത്ത അഡ്വ. നന്ദകുമാര്‍ പറഞ്ഞു. സര്‍ക്കാറിനെ കൂടുതല്‍ ജനകീയമാക്കാനായി മൂന്നു മാസത്തിലൊരിക്കലെന്ന രീതിയില്‍ പ്രാദേശിക തലത്തില്‍ പ്രഭാഗയോഗങ്ങള് സംഘടിപ്പിക്കണം. കോര്‍ട്ട് ഫീ ആക്ട് ഭേദഗതി വരുത്തണമെന്നും ഇതു വഴി സര്‍ക്കാറിന് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് ടൂറിസത്തെ മാര്‍ക്കറ്റ് ചെയ്യുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഡോ. അരുണ്‍ രാജന് അഭിപ്രായപ്പെട്ടു. ആയുര്‍വേദ രംഗത്ത് കൂടുതല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ഹെല്‍ത്ത് ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഹെല്‍ത്ത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.
പൊന്നാനിയിൽ കടൽ ഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണം
കടൽ ക്ഷോഭം രൂക്ഷമായ പൊന്നാനിയിൽ കടൽ ഭിത്തി നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും സർക്കാർ സഹായത്താൽ തീരദേശ മേഖലയിൽ നിന്ന് എം.ബി.ബി.എസ് നേടിയ സംസ്ഥാനത്തെ ആദ്യ വനിതയായ ഡോ. സുൾഫത്ത് അഭിപ്രായപ്പെട്ടു. കാളപൂട്ട് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെന്ന് കാളപൂട്ട് തൊഴിലാളിയും കര്‍ഷകനുമായ കുഞ്ഞുമൊയ്തീന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഹയര്‍സെക്കൻഡറി സ്കൂളുകളില്‍ അനധ്യാപക തസ്തികള്‍ സൃഷ്ടിക്കണമെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകയും ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലുമായ ബെന്‍ഷ അഭ്യര്‍ഥിച്ചു. വലിയ പ്രയാസത്തിലാണ് സ്കൂൾ നടത്തിപ്പ്. ശുചീകരണത്തിനും മറ്റും അധ്യാപകർ തന്നെ ഇറങ്ങേണ്ട സാഹചര്യമാണ്. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി.
കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്ന് കാര്‍ഷിക അവാര്‍ഡ് ജേതാവ് അബ്ദുല്‍ ലത്തീഫ് അഭ്യര്‍ഥിച്ചു. മലയാളം സർവകലാശാലക്ക് സ്വന്തം കെട്ടിടം അനുവദിക്കണമെന്ന് സര്‍വകലാശാലയിലെ ഗവേഷകനായ വി.പി. അനീഷ് അഭ്യര്‍ഥിച്ചു.
ഗൾഫ് മാർക്കറ്റിലെ വ്യാപാരികളെ ട്രേഡ് യൂനിയനും ജി.എസ്. ടി അധികൃതരും ശത്രുക്കളേപ്പോലെയാണ് കാണുന്നതെന്നും വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാതെ അധികാരികള്‍ ബുദ്ധിമുട്ടിക്കുകയാണെന്നും ഗള്‍ഫ് മാര്‍ക്കറ്റ് അസോസിയേഷന് പ്രതിനിധി ഇബ്നുൽ വഫ പറഞ്ഞു. നിയമവും ചട്ടവും പാലിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടക്കാരെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നില്ലെന്നും ആരെയും ശത്രുക്കളെ പോലെ കാണാതെ ഒരുമിച്ച് മുന്നോട്ടു പോവുകയാണ് എല്ലാവരും വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്ഷേത്രങ്ങളുടെ അംശാദായ തുക വർധിപ്പിക്കണമെന്നും മനോജ് എമ്പ്രാന്തിരി അഭ്യര്‍ഥിച്ചു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള മലബാര്‍ ദേവസ്വം ബില്ല് കൊണ്ടുവരുമെന്ന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
തിരൂർ: ജനങ്ങളുടെ മനസ്സറിഞ്ഞ് മന്ത്രിമാരുടെ പ്രഭാത നടത്തത്തിൽ പ്രധാന ചർച്ച വിഷയമായത് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയായിരുന്നു. ഇത് നേരിൽ കണ്ട മന്ത്രിമാർ 10 കോടി രൂപ അനുവദിച്ചിട്ടും തിരൂർ നഗരസഭയുടെ അനാസ്ഥയാണ് സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്ന് പറഞ്ഞു.
നടക്കാൻ പോലും കഴിയാതെ പൊട്ടിപ്പൊളിഞ്ഞ സിന്തറ്റിക് ട്രാക്കും ഉയരത്തിൽ വളർന്ന മൈതാനത്തെ പുല്ലും ശോച്യാവസ്ഥ അടിവരയിടുന്നതായിരുന്നു. നവീകരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്പോർട്സ് കൗൺസിലുമായി നഗരസഭ എം.ഒ.യു ഒപ്പിട്ടാൽ സ്റ്റേഡിയം നവീകരണം വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നും കരാറിൽ നഗരസഭക്ക് വേണ്ട മാറ്റങ്ങൾ നടത്തി സ്പോർട്സ് കൗൺസിലിന് സമർപ്പിക്കാമെന്നും മന്ത്രിമാർ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ആറിന് സഹകരണ മന്ത്രി വി.എൻ. വാസവനാണ് ആദ്യം സ്റ്റേഡിയത്തിലെത്തിയത്. 6.30ഓടെ മന്ത്രി പി.എ. മുഹമ്മദ് റിയാസും പിന്നാലെ മന്ത്രിമാരായ പി. രാജീവും കെ. രാജനും അഹമ്മദ് ദേവർകോവിലുമെത്തി. പ്രഭാത സവാരിക്കാർ മന്ത്രിമാരെ സ്വീകരിക്കുകയും കൂടെ നടക്കുകയും ഓടുകയും ചെയ്തു.
ഇതിനിടെ സ്റ്റേഡിയത്തിന്റെ വിഷയം ഉന്നയിച്ച് മന്ത്രിമാരുമായി മനോജ് ജോസ് വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. അതിനിടെ, മന്ത്രിയുടെ നിർദേശ പ്രകാരം വൈകീട്ട് തന്നെ കാടുവെട്ടി അവിടെ വൃത്തിയാക്കി.
പൊന്നാനി: സംസ്ഥാന വീൽചെയർ ക്രിക്കറ്റ് താരം, വീൽ ചെയർ ബാസ്കറ്റ് ബാൾ താരം, ജാവലിൻ, ഷോട്ട് പുട്ട് താരം.... ഇതെല്ലാമായിട്ടും ജീവിതത്തിലെ പ്രയാസങ്ങളെ അതിർത്തി കടത്താൻ കഴിയാത്ത ഒരു പ്രതിഭയുണ്ട് പൊന്നാനിയിൽ; മുഹമ്മദ് അൻസാർ. ജീവിതം വീൽചെയറിനൊപ്പമായെങ്കിലും അൻസാറിന് കായിക മേഖലയിൽ നേട്ടത്തിന്റെ കുതിപ്പാണ്.
എന്നാൽ, ജീവിതയാത്രയിൽ കുടുംബവുമൊത്ത് താമസിക്കാൻ ഒരു വീടെന്ന സ്വപ്നം ഇനിയും അങ്ങകലെയാണ്. 5500 രൂപ വാടക നൽകിയാണ് അൻസാറും രണ്ട് പെൺകുട്ടികളുമടങ്ങിയ കുടുംബവും പൊന്നാനിയിൽ താമസിക്കുന്നത്. ലോട്ടറി തൊഴിലാളിയായ അൻസാറിന് സാമ്പത്തിക ബുദ്ധിമുട്ട് കാരണം തന്റെ കായിക സ്വപ്നങ്ങൾ പോലും എത്തിപ്പിടിക്കാനാവുന്നില്ല. വീൽ ചെയർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും ദേശീയ പാര ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടും അൻസാറിന് സാമ്പത്തിക പ്രയാസം കാരണം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
ഈ സങ്കട കഥകൾക്കുള്ളിലാണ് ലൈഫ് പദ്ധതിയിൽ വീടെന്ന ആവശ്യവുമായി അൻസാർ നവകേരള സദസ്സിൽ പരാതി നൽകാനെത്തിയത്. അഞ്ച് വർഷം മുമ്പ് വീടിന് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും പൊന്നാനി നഗരസഭ പരിധിയിൽ വീടിന് സ്ഥലമില്ലാത്തതിനാൽ ആവശ്യം പരിഗണിക്കാതെ കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.