തിരൂർ: സ്വാതന്ത്ര്യ സമരത്തിലെ പ്രധാന ഏടുകളിലൊന്നായ വാഗണ്‍ ദുരന്ത സ്മരണയ്ക്ക് ഇന്ന് 102 വര്‍ഷം. ബ്രിട്ടീഷ് സായുധ പട്ടാളക്കാരോട് ഏറനാട്ടിലെയും വള്ളുവനാട്ടിലെയും സാധാരണക്കാര്‍ പോരാടിയതിന്റെ പ്രതികാരമായിരുന്നു വാഗണ്‍ ട്രാജഡി. വാഗണ്‍ സ്മരണയെയും മലബാറിന്റെ ചെറുത്തുനില്‍പ്പിനെയും ചരിത്രത്തില്‍നിന്ന് വെരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നതും സ്മരണയെ പ്രസക്തമാക്കുന്നു.
മാപ്പിള സമരത്തെ തുടര്‍ന്ന് 1921 നവംബറില്‍ ബ്രിട്ടീഷ് പട്ടാളം കോയമ്പത്തൂര്‍ ജയിലിലടക്കാന്‍ തിരൂരില്‍നിന്ന് റെയില്‍വെയുടെ ചരക്കുവാഗണില്‍ കുത്തിനിറച്ചു കൊണ്ടുപോയ തടവുകാര്‍ ശ്വാസം മുട്ടി മരിച്ച സംഭവമാണ് വാഗണ്‍ ദുരന്തം.
നൂറോളം തടവുകാരെ എം.എസ്.എം-എല്‍.വി റെയില്‍വേയുടെ 1711ാം നമ്പര്‍ വാഗണില്‍ നവംബര്‍ 19ന് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു ഇരുട്ടറയില്‍ തള്ളിക്കേറ്റി കോയമ്പത്തൂര്‍ക്ക് അയക്കുകയായിരുന്നു. ഗുഡ്സ് വാഗണില്‍ വായുവോ വെളിച്ചമോ കടക്കുമായിരുന്നില്ല.
പോത്തന്നൂരില്വച്ച് വാഗണ്‍ തുറന്നപ്പോള്‍ കാണാനായത് പരസ്പരം മാന്തിപ്പൊളിച്ചും കണ്ണുകള്‍ തുറിച്ചും കെട്ടിപ്പുണര്‍ന്നും മരണം വരിച്ച 64 മൃതദേഹങ്ങളാണ്. ബാക്കിയുള്ളവര്‍ ബോധരഹിതരായിരുന്നു. എട്ടുപേര്‍ കൂടി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചു. ശേഷിച്ച 28പേരെ തടവുകാരാക്കി. തിരൂരിലെ കോരങ്ങത്ത് ജുമുഅത്ത് പള്ളിയിലും കോട്ട് ജുമുഅത്ത് പള്ളിയിലുമാണ് ഈ രക്തസാക്ഷികള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഹിന്ദുക്കളെ മുത്തൂരിലും സംസ്കരിച്ചു.
തിരൂര്‍ നഗരസഭ പണിത വാഗണ്‍ ട്രാജഡി സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 1987 ഏപ്രില്‍ ആറിനാണ് ഉദ്ഘാടനം ചെയ്തത്. അതില്‍ എഴുതിവച്ച രക്തസാക്ഷികളുടെ പേരു വിവരപട്ടിക 1993 മാര്‍ച്ച് 20ന് അനാച്ഛാദനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.