തിരൂർ: വാക് തർക്കത്തിനിടെ കുത്തേറ്റ് ബീരാഞ്ചിറ സ്വദേശി സുരേഷ് മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. സുഹൃത്തും കൊടക്കൽ സ്വദേശിയുമായ കാട്ടറായി സുനിൽ എന്നറിയപ്പെടുന്ന മുളിയിൽ സുനിൽ കുമാറിനെയാണ് (50) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തേറ്റ ഇടിയാട്ടുകുന്ന് വീട്ടിൽ സുരേഷ് (43) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കിടെ ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. ഈമാസം 24നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സുരേഷ്, പ്രതിയായ സുനിൽകുമാർ മറ്റു രണ്ട് സുഹൃത്തുക്കളും ചേർന്ന് പൊന്നാനിയിൽ ഉത്സവത്തിൽ പങ്കെടുത്തു. അവിടെവെച്ച് കൈനോട്ടക്കാരി തത്തയെ കൊണ്ട് ചീട്ടെടുപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനുശേഷം മടക്കയാത്രയിൽ മദ്യപിച്ചും തർക്കം തുടർന്നു. സുഹൃത്തിന്റെ കൊടക്കലിലെ വീട്ടിലെത്തി സുനിൽകുമാർ തെറി പറഞ്ഞതോടെ തർക്കം മുറുകുകയും സുനിൽകുമാർ കത്തിയെടുത്ത് സുരേഷിന്റെ വയറിന് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സുരേഷിന്റെ നിലവിളികേട്ട് അടുത്ത മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്ന മറ്റു രണ്ടുപേരും സുനിൽകുമാറും ചേർന്ന് സുരേഷിനെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സുനിൽകുമാർ ട്രെയിൻ കയറി രക്ഷപ്പെടുകയായിരുന്നു. ബംഗളൂരുവിലെ ബന്ധു വീട്ടിലേക്ക് പ്രതി പോകാൻ സാധ്യതയുണ്ടെന്നറിഞ്ഞ് പൊലീസ് സംഘം അവിടെ അന്വേഷണം തുടങ്ങി. ഇത് മനസ്സിലാക്കിയ പിന്നീട് അവിടെനിന്ന് മടങ്ങി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഷൊർണൂരിൽവെച്ച് തിരൂർ സി.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. എസ്.ഐമാരായ എൻ. പ്രദീപ്, ഉദയരാജ്, എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ വിവേക്, അരുൺ, ഉണ്ണിക്കുട്ടൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.