കീഴുപറമ്പ്: കഴിഞ്ഞദിവസം ഉച്ചക്കും രാത്രിയിലും ഉണ്ടായ ശക്തമായ വേനൽമഴയിൽ കൃഷിനാശം സംഭവിച്ച കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ശക്തമായ വേനൽമഴയിലും കാറ്റിലും നാല് ഏക്കറിലായി 50 ലക്ഷം രൂപയുടെ കൃഷി നാശനഷ്ടമാണ് കീഴുപറമ്പ് പഞ്ചായത്തിൽ ഉണ്ടായത്. വാഴകൃഷിക്കാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് നിലകടവ് പ്രദേശത്താണ് കൂടുതൽ കൃഷിനാശം ഉണ്ടായതെന്ന് സംഘം വിലയിരുത്തി. അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചറൽ ഓഫിസർ കെ.എം. കോയയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകരും സംസ്ഥാന കാർഷിക വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ നാശനഷ്ടം സംഭവിച്ച കർഷകരോട് ഉടൻതന്നെ ഇൻഷുറൻസിന് അപേക്ഷ നൽകാൻ പരിശോധനക്കെത്തിയ സംഘം ആവശ്യപ്പെട്ടു. അതോടൊപ്പംതന്നെ കൃഷിനാശം സംഭവിച്ചവർക്ക് വേണ്ട എല്ലാവിധ കാര്യങ്ങളും അടിയന്തരമായി സ്വീകരിക്കുമെന്നും കൃഷി ഓഫിസർ ഉൾപ്പെടെയുള്ളവർ പറഞ്ഞു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. സഫിയ, വൈസ് പ്രസിഡൻറ് പി.പി.എ. റഹ്മാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഹ്ല, വാർഡ് മെംബർ കെ.വി. റഫീഖ് ബാബു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
വേങ്ങര: കൊയ്ത്തു യന്ത്രം കിട്ടാതെ കൊയ്ത്തു മുടങ്ങിയ പാടത്ത് രാത്രി മഴ പെയ്തതോടെ കർഷകർ അങ്കലാപ്പിൽ. ഇനി പാടത്തെ വെള്ളം വറ്റി മണ്ണുറച്ചതിനു ശേഷമേ കൊയ്ത്തു യന്ത്രം വയലിൽ ഇറക്കാൻ കഴിയൂ. വയലിൽ വീണ് കിടക്കുന്ന നെൽകതിരുകളിലെ വിളഞ്ഞ നെന്മണികൾ വെള്ളത്തിലും നനഞ്ഞ മണ്ണിലും കിടന്നു കേടാവുമോ എന്ന വേവലാതിയിലാണ് കർഷകർ. വേങ്ങരയിലെ കുറ്റൂർ പാടത്ത് ഏക്കർക്കണക്കിന് വയലിൽ നെൽകൃഷി ചെയ്ത കർഷകരാണ് പാകമായ നെല്ല് കൊയ്തെടുക്കാനാവുമോ എന്ന ആശങ്കയിലായത്. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കൊയ്ത്തും മെതിയും ഒന്നിച്ചു നടത്തുന്ന വലിയ കൊയ്ത്തു യന്ത്രം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നേരത്തെ ഒരു കൊയ്ത്തു യന്ത്രം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മുഖേന വാങ്ങിയിരുന്നെങ്കിലും ഇത് ഉപേയാഗിക്കാനാവാതെ റോഡിൽ കിടന്ന് തുരുമ്പെടുക്കുകയാണ്.
യന്ത്രം കർഷകർക്ക് വാടകക്ക് നൽകാനായി ഏൽപ്പിച്ചിരുന്ന സർവിസ് സഹകരണ ബാങ്കിന് മുന്നിലെ റോഡിൽ കൊയ്ത്തു യന്ത്രം തകരാറായി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇത് നന്നാക്കിയെടുത്ത് കർഷകർക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കാൻ അധികൃതർക്കായിട്ടില്ല. മറ്റു സ്ഥലങ്ങളിൽനിന്ന് കൊയ്ത്തു യന്ത്രം വാടകക്കെടുത്തു കൊയ്ത്ത് നടത്താൻ കാത്തിരുന്ന കർഷകരാണ് നേരം തെറ്റിപ്പെയ്ത രാത്രി മഴയിൽ പാകമായ നെന്മണികൾ കൊയ്തെടുക്കാനാവാതെ കണ്ണീരിലായത്.
കാരാട്: വ്യാഴാഴ്ച പുലർച്ചയുണ്ടായ ശക്തമായ കാറ്റിൽ വാഴയൂർ ഗ്രാമപഞ്ചായത്തിലെ തിരുത്തിയാട് മേഖലയിൽ നിരവധി വാഴകൾ നിലം പൊത്തി. കെ.വി. അഹമ്മദ് കുട്ടി, കെ.സി. അത്താമു, എം.സി. ജലീൽ, സുബ്രമണ്യൻ, ഗോപാലൻ എന്നിവരുടെ വാഴകളാണ് നശിച്ചത്.
തേഞ്ഞിപ്പലം: ഓവുചാലിെൻറ സംരക്ഷണ ഭിത്തി തകർന്നുവീണ് വീടിന് നാശനഷ്ടം. കഴിഞ്ഞ ദിവസം പുലർച്ചയുണ്ടായ കനത്ത മഴയിലാണ് നീരോൽപ്പാലം കുടുക്കിൽ മുഹമ്മദിെൻറ വീട്ടുവളപ്പിലേക്ക് സമീപത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. വീടിെൻറ പിറകുവശം പൂർണമായും ഒലിച്ചുപോവുകയും ചുറ്റുഭാഗങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അമ്പലപ്പടി, സദ്ദാം ബസാർ എന്നിവിടങ്ങളിൽ നിന്നടക്കം ഒന്നര കിലോമീറ്ററിലധികം ദൂരത്തിൽനിന്ന് ഒഴുകിയെത്തി നീരോൽപ്പാലം അങ്ങാടിയിലൂടെ പുഞ്ചപ്പാടത്തേക്കു ചേരുന്ന മാറാമാട്-ചക്കാലക്കൽ ഭാഗത്താണ് ശക്തമായ വെള്ളപാച്ചിലിൽ ഓവുചാലിെൻറ ഭിത്തി തകർന്നത്. വേണ്ടത്ര ഉറപ്പും ബലവും ഇല്ലാത്തതിനാൽ വർഷകാലങ്ങളിൽ ഈ പ്രദേശത്ത് പാലഭാഗങ്ങളിലായി ഭിത്തി തകർന്നുവീഴൽ പതിവാണ്. വില്ലേജ്, പഞ്ചായത്ത് അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് സമീപവാസികൾ പറഞ്ഞു. വാർഡ് അംഗം പി.എം. നിഷാബ് സ്ഥലം സന്ദർശിച്ചു.
കീഴുപറമ്പ്: കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും കാറ്റിലും വാഴകൃഷിക്ക് നാശം സംഭവിച്ച കീഴുപറമ്പ് പഞ്ചായത്തിലെ വാർഡുകളിൽ പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇൻഷുറൻസ് അടിസ്ഥാനത്തിൽ ഒരു വാഴക്ക് 400 രൂപയും ഇൻഷുർ ചെയ്യാത്തവർക്ക് ഒന്നിന് 100 രൂപ വീതവും ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. 25,000ത്തോളം വാഴകൾ രണ്ടു പ്രദേശങ്ങളിലായി നശിച്ചിട്ടുണ്ട്. ആവശ്യമായ നടപടികൾ കർഷകർക്ക് ചെയ്തുകൊടുക്കുമെന്നും ഇതിനുവേണ്ടി നഷ്ടം സംഭവിച്ച കർഷകർ അപേക്ഷ നൽകണമെന്നും അരീക്കോട് കൃഷി ഓഫിസർ നജ്മുദ്ദീൻ പറഞ്ഞു.
കൊണ്ടോട്ടി: വ്യാഴാഴ്ച പുലര്‍ച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ വീണ് വ്യാപക നാശം. കിഴിശ്ശേരി ചുള്ളിക്കോട് മേഖലയിലാണ് കാറ്റ് നാശം വിതച്ചത്. മേഖലയിലെ നാല് വീടുകള്‍ക്ക് മുകളിലാണ് മരങ്ങള്‍ വീണ് ഭാഗികമായി തകര്‍ന്നത്. എം.വി. അബ്ദുല്‍ ലത്തീഫ്, കെ.പി. അബൂബക്കര്‍, പരത്തടത്തില് അലവി, അബ്ദുല്‍ സമദ് എന്നിവരുടെ വീടുകള്‍ക്കാണ് കേടുപാട് പറ്റിയത്.
നാശം വിതച്ച ചുള്ളിക്കോട് പ്രദേശം ടി.വി. ഇബ്രാഹീം എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കിഴിശ്ശേരി തവനൂരില്‍ പരേതനായ നെല്ലിപ്പാ കുണ്ടന്‍ കടുങ്ങോടിയില് മുഹമ്മദിെൻറ കുടുംബം താമസിക്കുന്ന വീടും ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി തകര്‍ന്നു. വാഴക്കാട്: ശക്തമായ മഴയിലും കാറ്റിലും വാഴക്കാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.
വ്യാഴാഴ്ച പുലർച്ചയാണ് ഇടിയോട് കൂടിയ കനത്ത മഴ ഉണ്ടായത്. ആയിരത്തോളം വാഴകൾ നിലം പൊത്തി. വാഴക്കാട്, തിരുവാലൂർ, എടശ്ശേരിക്കുന്ന്, വട്ടപ്പാറ, പണിക്കരപുറായ, നൂഞ്ഞിക്കര, എളമരം, വെട്ടത്തൂർ, മപ്രം എന്നിവിടങ്ങളിലാണ് നാശനഷ്ടം ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.