തേഞ്ഞിപ്പലം: ഇരുളടഞ്ഞ് പോകുമായിരുന്ന കുറെപ്പേരെ ജീവിതത്തിന്റെ തെളിമയിലേക്ക് കൈപിടിച്ചു നടത്തുകയാണ് ഇവിടെ. നന്മയുടെ കൈത്തിരി കൊളുത്തി വഴികാട്ടുക മാത്രമല്ല അവരെ ലക്ഷ്യത്തിലെത്തിക്കാനും സ്വന്തം കാലില്‍നിന്ന് സ്വയം പര്യാപ്ത നേടാൻ പഠിപ്പിക്കുകയുമാണ് ഇവർ. ജന്മനാ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യുവതികള്‍ക്കും യുവാക്കള്‍ക്കും അതിജീവനത്തിന്റെ കരുത്ത് പകരുന്നത് കാലിക്കറ്റ് സര്‍വകലാശാലയും സാമൂഹിക നീതി വകുപ്പും ചേര്‍ന്നാണ്.
മാനസിക വൈകല്യങ്ങളാല്‍ സ്വന്തം വീടുകളില്‍ തന്നെ ഒതുങ്ങി പോകുമായിരുന്ന എണ്‍പതോളം ഭിന്നശേഷിക്കാരാണ് സര്‍വകലാശാലയുടെയും സാമൂഹിക നീതി വകുപ്പിന്റെയും പിന്തുണയോടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്.
സര്‍വകലാശാല സൈക്കോളജി പഠന വിഭാഗത്തിന് കീഴില്‍ 2015ല്‍ സാമൂഹിക നീതി വകുപ്പിന്റെ പിന്തുണയോടെ തുടങ്ങിയ കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം എന്ന മാതൃക പദ്ധതിയാണിത്. പ്രീ വൊക്കേഷനല്‍ റിഹാബിലിറ്റേഷന്‍ പ്രോജക്ടിലൂടെ 18 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ച് 16 പേര്‍ക്ക് സര്‍വകലാശാല കാമ്പസില്‍ തന്നെ 'എബിലിറ്റി കഫേ' എന്ന പേരില്‍ ജോലി നല്‍കാനും ഈ ഉദ്യമത്തിലൂടെ സാധിച്ചു.
പരിശീലനം പൂര്‍ത്തിയാക്കിയ 15ല്‍ 11 പേര്‍ക്കും സ്വന്തം വരുമാനമുണ്ടാക്കാനുള്ള സൗകര്യമൊരുക്കാനായി. ഇവര്‍ക്ക് കീഴില്‍ 12 പേര് നിലവില്‍ പ്രായോഗിക പരിശീലനത്തിലാണ്. സര്‍വകലാശാല ഭരണകാര്യാലയം, സൈക്കോളജി ബ്ലോക്ക്, സയന്‍സ് ബ്ലോക്ക്, ചരിത്ര പഠനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂ ബ്ലോക്ക്, കോഴിക്കോട് സിവില്‍ സ്റ്റേഷന് എന്നിവിടങ്ങളില്‍ എബിലിറ്റി കഫേ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനമെന്ന് പ്രോഗ്രാം ജോയന്റ് കോ ഓഡിനേറ്റര്‍ എ.കെ. മിസ്ഹബ് പറഞ്ഞു. പ്രോഗ്രാം ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന് മാർഗനിര്‍ദേശങ്ങള്‍ നല്കുമ്പോള് ഭിന്നശേഷിക്കാരായവരെ ആത്മസമര്‍പ്പണത്തോടെ പരിശീലിപ്പിച്ച് കൂടെ നിര്‍ത്തുന്നത് ഒക്കേഷനല്‍ കോ ഓഡിനേറ്റര്‍ ജെ.ടി. ഷാനിബയാണ്.
എബിലിറ്റി കഫേക്ക് പുറമെ ഇലക്ട്രോണിക്സ്, വാട്ടര്‍ സര്‍വിസ്, വീടിനോടു ചേര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ്, വസ്ത്രാലയം മേഖലകളിലും ഭിന്നശേഷി കുട്ടികള്‍ക്ക് പ്രോജക്ടിലൂടെ തൊഴിലവസരം ഒരുക്കിയിരുന്നു. സര്‍വകലാശാല ബോട്ടണി വിഭാഗവുമായി സഹകരിച്ച് ഗാര്‍ഡനിങ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ഇലക്ട്രോണിക്സ് സാധനങ്ങളുടെ റിപ്പയറിങ്, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവയിലും അവസരം നല്കി. ഭിന്നശേഷിക്കാരായ കുട്ടികളുടെ നൈപുണ്യമുള്ള രക്ഷിതാക്കളെ ഉപയോഗപ്പെടുത്തി പാരന്റ് മീഡിയേറ്റഡ് സ്കില്‍ ട്രെയിനിങ് തുടങ്ങാനും പുതിയ പദ്ധതിയുണ്ട്. വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ പരിശീലനം നേടിയ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.