വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസിൽ അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള ഭാഗത്തെ റോഡ് നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. അമ്പലപ്പറമ്പ് മുതൽ കർത്തല ചുങ്കം വരെയുള്ള ഭാഗം ഗതാഗത യോഗ്യമാക്കണം എന്നതാണ് ആവശ്യം. ആറര കി.മീറ്റർ നീളമുള്ള റോഡ് രണ്ട് റീച്ചുകളിലായി കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയും കാർത്തല ചുങ്കം മുതൽ മൂടാൽ വരെയും ടാറിങ് പൂർത്തിയാക്കി.
നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യം ഉന്നയിച്ച് കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ വിവിധ സംഘടനകൾ നവകേരള സദസ്സിലും പരാതിയും നൽകിയിരുന്നു. ജനകീയ കമ്മിറ്റി പ്രതിനിധികൾ ബുധനാഴ്ച തിരുവനന്തപുരത്ത് ഉദ്യോഗസ്ഥന്മാരുമായും ജനപ്രതിനിധികളുമായും ചർച്ച നടത്തും.
കഞ്ഞിപ്പുര-മൂടാൽ റോഡിലെ പൊടിശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും നാട്ടുകാരും ഡിസംബർ ആദ്യവാരം മൂടാലിൽ റോഡ് ഉപരോധിച്ച് സമരം നടത്തിയതിനെ തുടർന്നാണ് കാർത്തല ചുങ്കം മുതൽ മൂടാൽ വരെയും ടാറിങ് പൂർത്തിയാക്കിയത്. റോഡിന്റെ മധ്യഭാഗം ഉൾപ്പെടുന്ന അമ്പലപ്പറമ്പ് മുതൽ കാർത്തല ചുങ്കം വരെയുള്ള ഭാഗം ഗതാഗത യോഗ്യമല്ല. ഈ ഭാഗത്ത് 15 മീറ്ററിൽ റോഡ് വീതി കൂട്ടിയെങ്കിലും മെറ്റലിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഏറെ പ്രയാസപ്പെട്ട് ഇതുവഴി വാഹനങ്ങൾ കടന്നുപോയാൽ യാത്രക്കാരോടൊപ്പം റോഡിന് സമീപമുള്ളവരും ദുരിതം അനുഭവിക്കണം.
ഈ ഭാഗത്തെ റോഡിലെ ജലവിതരണ പൈപ്പ ലൈനുകൾ പൂർണമായി മാറ്റി സ്ഥാപിച്ചിട്ടില്ല. ഇവിടെ മഴ പെയ്താൽ റോഡ് ചളിക്കുളമാവും. മഴയില്ലെങ്കിലോ പൊടിമയവും. റോഡിന് ഇരുവശത്തുള്ളവർക്കും ഇതുവഴി പോകുന്നവർക്കും രണ്ടായാലും ദുരിതം ബാക്കി.
സ്കൂളുകളും കോളജുകളും ഉൾപ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ഈ റോഡിന്റെ ശോച്യാവസ്ഥയുടെ ഇരകളാണ്. റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നൽകി സാങ്കേതികത്വങ്ങൾ പരിഹരിച്ച് കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.