വളാഞ്ചേരി: ദേശീയപാത നിർമാണ പ്രവർത്തനങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കുന്നില്ലെന്ന് ആക്ഷേപം. വളാഞ്ചേരി ബൈപ്പാസിന്റെ ഭാഗമായുള്ള വയഡക്ട് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നിർമാണ കമ്പനി വേണ്ടത്ര സുരക്ഷ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ടോറസ് ലോറികളിൽ കരിങ്കല്ലുകളും മണ്ണും കൊണ്ട് പോകുമ്പോഴും സുരക്ഷ മുൻകരുതൽ സ്വീകരിക്കുന്നതിൽ ചില ഡ്രൈവർമാർ ജാഗ്രത കാണിക്കാറില്ല. ചീറിപ്പായുന്ന ലോറികളിൽനിന്നും കരിങ്കല്ലുകൾ റോഡിലേക്ക് തെറിച്ച് വിണാൽ ദുരന്തത്തിനിടയാക്കും.
തിരക്കേറിയ നിരത്തുകളിൽ കൂടി സുരക്ഷയൊരുക്കാതെ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. വട്ടപ്പാറയിൽ വയഡക്ടിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 30 മീറ്ററോളം ഉയരമുള്ള തൂണിന് മുകളിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി വെൽഡിങ് നടക്കുന്നുണ്ട്. ഇതിൽനിന്ന് തീപ്പൊരി ചിതറി വീണ് താഴെയുള്ള പുല്ലിന് തീപിടിച്ച് വാഴകൾ ഉൾപ്പെടെ നശിച്ചിരുന്നു. തീ പടരുമ്പോഴാണ് കമ്പനി അധികൃതർ ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് തീ അണക്കുക.
അപ്പോഴേക്കും കുറെ ഭാഗം കത്തിത്തീരും. നിർമാണ പ്രവർത്തനത്തിനിടെ രണ്ട് പ്രാവശ്യമാണ് തീപിടിത്തമുണ്ടായത്. ടാങ്കറിൽ വെള്ളം സജ്ജമാക്കിയശേഷമേ വെൽഡിങ് നടത്താവൂവെന്ന് സ്ഥലമുടമകൾ അറിയിച്ചിട്ടും ദേശീയപാത നിർമാണത്തിന് നേതൃത്വം നൽകുന്ന നിർമാണ കമ്പനിയുടെ വട്ടപ്പാറ പ്രദേശത്ത് ചുമതലുള്ള പ്രതിനിധികൾ പരിഗണിക്കാറില്ല. തന്റെ കൃഷിയിടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കോപ്പിലാത്ത് അബ്ദുൽ ശഹീദ് പറഞ്ഞു. തീ പിടിക്കുന്ന സാഹചര്യം ഒഴിവാക്കാനാവശ്യമായ സുരക്ഷ സംവിധാനം ഒരുക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അബ്ദുൽ ശഹീദ് ദേശീയപാത വിഭാഗത്തിന്റെ കൊച്ചിയിലെ ഓഫിസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.