വളാഞ്ചേരി: ഉമ്മറപ്പടിയിൽ നിലവിളക്കിൻ പ്രകാശം പരന്നപ്പോൾ കോട്ടീരി പൊന്നാത്ത് വീട്ടിൽ അകത്തും പുറത്തുമായി വിരിച്ച മുസല്ലയിൽ റമദാൻ വ്രതത്തിന്റെ നിർവൃതി അനുഭവിക്കുന്നവർ നമസ്കരിക്കുകയായിരുന്നു. 36 വർഷമായി റമദാൻ മാസത്തിൽ വ്രതമനുഷ്ഠിക്കുന്ന വെസ്റ്റേൺ പ്രഭാകരൻ തന്റെ വീട്ടിലൊരുക്കിയ ഇഫ്താർ സ്നേഹ സംഗമത്തിനെത്തിയവർക്ക് നമസ്കരിക്കാൻ വീട്ടിനുള്ളിൽതന്നെയാണ് സൗകര്യം ഒരുക്കിയത്. ഇഫ്താറും അതോടനുബന്ധിച്ച സംഗമവും സൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും വേദിയായി മാറി.
വളാഞ്ചേരി സ്വദേശി കോട്ടീരി പൊന്നാത്ത് വീട്ടിൽ വെസ്റ്റേൺ പ്രഭാകരൻ 1988ലാണ് സുഹൃത്തും പത്രപ്രവർത്തകനുമായ മുഹമ്മദ് മുസ്തഫ എന്ന മുത്തുവിന്റെ പ്രേരണയിൽ റമദാൻ വ്രതം എടുത്തുതുടങ്ങിയത്. 10 ദിവസത്തെ വ്രതമെടുക്കാം എന്ന് കരുതി തുടങ്ങിയത് ഇപ്പോൾ 36ാം വർഷത്തിൽ എത്തിനിൽക്കുകയാണ്.
ഇതിനിടെ ചെറിയ ശസ്ത്രക്രിയയെ തുടർന്ന് വളരെ കുറച്ചു ദിവസത്തെ നോമ്പ് മാത്രമാണ് മുടക്കിയിട്ടുള്ളതെന്ന് പ്രഭാകരൻ പറഞ്ഞു. വ്രതമെടുത്തു തുടങ്ങിയപ്പോൾ മനസ്സിനും ശരീരത്തിനും ഉന്മേഷം ലഭിച്ചു. ഇതിനാലാണ് വ്രതാനുഷ്ഠാനം എല്ലാ റമദാനിലും തുടരാൻ തീരുമാനിച്ചത്. അത്താഴത്തിനും നോമ്പുതുറക്കും പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവകാരുണ്യ മേഖലയിലും സജീവ സാന്നിധ്യമാണ് പ്രഭാകരൻ. വളാഞ്ചേരി ആസ്ഥാനമായി 15 വർഷം മുമ്പ് ആരംഭിച്ച ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിന്റെ ചീഫ് കോഓഡിനേറ്ററാണ്.
സ്നേഹസംഗമത്തിൽ നജീബ് കുറ്റിപ്പുറം ആമുഖ പ്രഭാഷണം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ആര്യ മഹർഷി, ജില്ല പഞ്ചായത്ത് അംഗം ബഷീർ രണ്ടത്താണി, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, സുരേഷ് പാറത്തൊടി എന്നിവർ സംസാരിച്ചു. ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം. സാലിഹ് സ്വാഗതം പറഞ്ഞു. സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടന മേഖലയിലെ നിരവധിപേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.