വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ റോഡിലെ പൊടിശല്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും നാട്ടുകാരും മൂടാലിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. കഞ്ഞിപ്പുര-മൂടാൽ ബൈപാസിൽ കാർത്ത ചുങ്കം മുതൽ മൂടാൽ വരെയാണ് പൊടിശല്യം കൂടുതൽ. ഈ ഭാഗം റോഡ് വീതികൂട്ടി മെറ്റലിങ് നടത്തിയിട്ട് ആഴ്ചകളായി. വാഹനങ്ങൾ പോവുമ്പോൾ വൻതോതിലാണ് പൊടി ഉയരുന്നത്. ഇളകിക്കിടക്കുന്ന മെറ്റലുകളിൽ കൂടി പോകുന്നത് വാഹനങ്ങളുടെ സുരക്ഷയെയും ബാധിക്കുന്നു.
നാട്ടുകാരോടൊപ്പം വിവിധ കോളജുകളിലെ വിദ്യാർഥികളും ഉപരോധസമരത്തിൽ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ എട്ടോടെ ആരംഭിച്ച സമരം പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് അവസാനിപ്പിച്ചത്.
2013 ലാണ് ബൈപാസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ആറര കി.മീറ്റർ നീളമുള്ള കഞ്ഞിപ്പുര-മൂടാൽ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് ബൈപാസ് നിർമാണം.
പത്ത് വർഷം കഴിഞ്ഞിട്ടും കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെയുള്ള ഭാഗത്ത് മാത്രമെ ടാറിങ് പൂർത്തിയായുള്ളൂ. അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ഭാഗം ഇനിയും പൂർത്തിയാക്കാനുണ്ട്. അമ്പലപ്പറമ്പ് മുതൽ കാർത്തല ചുങ്കം വരെയുള്ള റോഡിന്റെ മധ്യഭാഗം ഗതാഗതയോ
ഗ്യമല്ല. ഇവിടെയുള്ള വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചെങ്കിലും റോഡിന് മധ്യഭാഗത്തുള്ള ജലവിതരണ പൈപ്പ് ലൈനുകൾ പൂർണമായി മാറ്റിയിട്ടില്ല. ഇവ മാറ്റി സ്ഥാപിച്ച് ഇവിടെ വീതി കൂട്ടൽ പൂർത്തിയാക്കാനുണ്ട്. അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെ ഭാഗത്ത് മഴ പെയ്താൽ റോഡ് ചളിക്കുളമാവും, മഴയില്ലെങ്കിലോ പൊടിമയവും. രണ്ടായാലും റോഡിന് ഇരുവശത്തുള്ളവർക്കും ഇതുവഴി പോകുന്നവർക്കും ദുരിതം ബാക്കി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളും ഈ റോഡിന്റെ ശോച്യാവസ്ഥയുടെ ഇരകളാണ്.
റിവൈസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നൽകി സാങ്കേതികത്വങ്ങൾ പരിഹരിച്ച് ബൈപാസ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.വട്ടപ്പാറ അപകടവളവും, രൂക്ഷമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ടൗണും ഒഴിവാക്കി വാഹനങ്ങൾ കുറഞ്ഞ ദൂരം കൊണ്ട് കുറ്റിപ്പുറത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് പാത വികസിപ്പിക്കാൻ ആരംഭിച്ചത്.
അതിനിടെ ദേശീയപാത ആറുവരിയാക്കാനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്. റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യവുമായി കഞ്ഞിപ്പുര-മൂടാൽ ബൈപാസ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ വിവിധ സംഘടനകൾ നവകേരള സദസ്സിൽ പരാതിയും നൽകിയിട്ടുണ്ട്. പൊടിശല്യമില്ലാതെ സുരക്ഷിതമായി യാത്ര ചെയ്യാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനുള്ള തയാറെടുപ്പിലാണ് വിദ്യാർഥികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.