വളാഞ്ചേരി: ശതാബ്ദി നിറവിലേക്ക് കടക്കുന്ന വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി ഗവ. എൽ.പി സ്കൂളിന് വാടകക്കെട്ടിടത്തിൽനിന്ന് മോചനമായില്ല. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കാട്ടിപ്പരുത്തി ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകാൻ 1926ലാണ് വിദ്യാലയം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങൾ ആധുനിക സൗകര്യങ്ങളോടെ ഉന്നത കേന്ദ്രങ്ങളായി ഉയരുമ്പോഴാണ് സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ അസൗകര്യങ്ങളാൽ ഈ സർക്കാർ വിദ്യാലയം വീർപ്പുമുട്ടുന്നത്. അക്കാദമിക രംഗത്ത് നിരവധി നേട്ടങ്ങൾ കൈവരിച്ച് മുന്നേറുമ്പോഴും ബൗദ്ധിക സൗകര്യങ്ങളുടെ അപര്യാപതതയിൽ ഈ വിദ്യാലയം പിന്നോട്ടാണ്.
ഒരു ഘട്ടത്തിൽ വിദ്യാർഥികൾ പരിമിതമായിരുന്നുവെങ്കിലും അധ്യാപകരുടെയും പി.ടി.എയുടെയും ശക്തമായ ഇടപെടലിലൂടെ കുറച്ചുവർഷങ്ങളായി വിദ്യാർഥികളുടെ എണ്ണം വർധിച്ചു വരികയാണ്. ഈ വർഷവും ഒന്നാം ക്ലാസിൽ എത്തിയ കുട്ടികളുടെ എണ്ണം വർധിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 110ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കെട്ടിടത്തിൽ സ്ഥലപരിമിതിയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. അസൗകര്യം കാരണം തൊട്ടടുത്ത മദ്റസയും ഈ വിദ്യാലയത്തിന്റെ പഠനകേന്ദ്രമാവാറുണ്ട്. വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നഗരസഭയിലെ മറ്റ് രണ്ട് സർക്കാർ വിദ്യാലയങ്ങളായ പൈങ്കണ്ണൂർ യു.പി സ്കൂളും മൂച്ചിക്കൽ പ്രവർത്തിക്കുന്ന വളാാഞ്ചേരി എൽ.പി സ്കൂളിനും സ്വന്തം സ്ഥലവും കെട്ടിടവുമായി. അധികൃതർ മനസ്സുവെച്ചാൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിൽ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.