വളാഞ്ചേരി: മാപ്പിളപ്പാട്ട് ശാഖയിൽ 63 മൊഴികളും 210 പാദങ്ങളും ഉൾക്കൊള്ളിച്ച് 21 അടിയിൽ ഓമാനൂർ ശുഹദാക്കൾ എന്ന കെസ്സ് പാട്ട് രചിച്ച് ചരിത്രം കുറിക്കുകയാണ് മാപ്പിളപ്പാട്ട് രചയിതാവ് എൻ.എ. ഗഫൂർ മാവണ്ടിയൂർ (48).
അടിസ്ഥാന നിയമങ്ങൾക്ക് പുറമെ കെസ്സിന്റെ പ്രത്യേക നിയമനിഷ്ഠകൾ പൂർണമായി പാലിച്ചാണ് ഇത് എഴുതിയത്. അതുകൊണ്ട് തന്നെ ഈ കാവ്യം ഏറെ ശ്രദ്ധേയമാണ്.
നൂറോളം ഇശലുകളിൽ ഏറെ ജനകീയ ഇശലാണ് കെസ്സ് ഇശലുകൾ. ചെമ്പകപ്പൂവ്, വാരിഷാ മലർ, മുട്ടുവൽ താളം തുടങ്ങി വിവിധ വകഭേദങ്ങൾ ഉൾപ്പെട്ടതാണ് കെസ്സ് ഇശൽ. ചില പ്രത്യേക സംഭവങ്ങൾ, കഥകൾ, ചരിത്രം എന്നിവ ആസ്പദമാക്കി ഒറ്റപ്പാട്ടിൽ തന്നെ എഴുതിത്തീർക്കുന്ന രീതി മുൻകാല കവികൾ സ്വീകരിച്ചിരുന്നു. ഇതിനായി കെസ്സ് ഇശലുകളും ഒപ്പന ഇശലുകളുമാണ് ഉപയോഗിച്ചിരുന്നത്.
അതുകൊണ്ട് തന്നെ ഇത്തരം പാട്ടുകളുടെ ദൈർഘ്യം ഇതര ഇശലുകളേക്കാൾ കൂടുതലായിരിക്കും. മാപ്പിളപ്പാട്ട് രചന നിയമമനുസരിച്ച് ഒരടിയെങ്കിലും ഒരു പാട്ടിനുണ്ടായിരിക്കണം. കണ്ടെടുക്കപ്പെട്ട കെസ്സ് പാട്ടുകളിൽ ഏറ്റവും ദൈർഘ്യമേറിയ പാട്ട് അഞ്ചടിപ്പാട്ട് ആണെന്ന് ഗഫൂർ പറഞ്ഞു.ആധുനിക മാപ്പിള കവികളിൽ പ്രശസ്തനായ ഗഫൂർ മാവണ്ടിയൂരിന് ‘മുത്ത് രത്ന മാല’ എന്ന കൃതിക്ക് എ.ഐ. മുത്തുക്കോയ തങ്ങൾ പുരസ്കാരം ലഭിച്ചിരുന്നു.
‘നീനവിയിലെ ദുന്നൂൻ’ എന്ന കൃതിക്ക് കേരള ഖിസ്സപ്പാട്ട് സംഘം സിൽവർ ജൂബിലി പുരസ്കാരവും റിസ്വാൻ കരുവമ്പൊയിൽ പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. രണ്ട് കൃതികളും അറബിമലയാള സാഹിത്യത്തിലാണ് എഴുതിയത്. നീനവയിലെ ദുന്നൂൻ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇശൽ മാനസം കലാസാഹിത്യ സംഘം ‘മാപ്പിള സാഹിത്യം’ പുരസ്കാരം നൽകി ഗഫൂറിനെ ആദരിക്കുന്നു.
മേയ് ഏഴിന് കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ‘മാനസോത്സവം 24’ എന്ന പരിപാടിയിൽ പുരസ്കാരം നൽകും. പ്രഗത്ഭ മാപ്പിളക്കവിയും പണ്ഡിതനുമായ എം.എച്ച്. വെള്ളുവങ്ങാടിന്റെ ശിഷ്യനാണ്. ‘മാധ്യമം’ കരേക്കാട് ഏജൻറ് കൂടിയാണ് ഗഫൂർ. ഭാര്യ: നസീബ. മക്കൾ: നജീബ് അസ്ലം, നജ്മ ഷെറിൻ, നജ്ല ഷെറിൻ, മുഹമ്മദ് നിയാസ്, മുഹമ്മദ് നസീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.