വളാഞ്ചേരി: അനധികൃത പണമിടപാട് മാഫിയകൾക്കെതിരെയുള്ള ഓപറേഷൻ കുബേരയുടെ ഭാഗമായി നിരവധി രേഖകളുമായി വളാഞ്ചേരി കാവുംപുറം സ്വദേശി അറസ്റ്റിൽ. സുബ്രഹ്മണ്യൻ എന്ന അമ്പാട് ഉണ്ണിയെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷ്, സബ് ഇൻസ്‌പെക്ടർ നൗഷാദ് എന്നിവർ കോടതി നിർദേശാനുസരണം അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിൽ വിവിധ രേഖകൾ പ്രതിയിൽനിന്ന് പിടിച്ചെടുത്തു.
പ്രതി നേരത്തേ നടത്തിയിരുന്ന സ്ഥാപനത്തിന്‍റെ മറവിൽ വീട്ടിൽ വെച്ചായിരുന്നു രേഖകൾ വാങ്ങിച്ച് ഇടപാടുകൾ നടത്തിയിരുന്നതെന്നും ആർ.സി, ചെക്ക് ലീഫ്, മുദ്ര പേപ്പർ, ആധാരം ഉൾപ്പെടെ 1509 രേഖകൾ ഇയാളിൽനിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു. രേഖകളിൽ ഉയർന്ന പലിശക്കാണ് പ്രതി പണം നൽകിയിരുന്നത്. വിവരം അറിഞ്ഞതിനെത്തുടർന്ന് നിരവധി പേർ പരാതിയുമായി രംഗത്തുവരുന്നുണ്ട്.
അനധികൃതമായി പണമിടപാട് നടത്തുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തിൽ എസ്.സി.പി.ഒമാരായ മനോജ്, ദീപക്, പ്രമോദ്, അനു, മോഹനൻ, പദ്മിനി, സി.പി.ഒമാരായ ഹാരിസ്, രജീഷ്, അഭിലാഷ്, മനോജ്, ഗിരീഷ്, ആൻസൺ, റഷീദ്, രഞ്ജിത്ത്, രജിത എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.