വളാഞ്ചേരി: ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയിൽ നിർമിച്ച സർവിസ് റോഡുകൾ ചരക്കുമായി പോവുന്ന വലിയ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു.
ഇരുഭാഗത്തുമായി നിർമിച്ച സർവിസ് റോഡുകളിൽ പലസ്ഥലത്തും വലിയ കയറ്റമാണുള്ളത്. മുക്കിലപീടിക, പാണ്ടികശാല കഴിഞ്ഞ് ചോലവളവ് എത്തുന്നതിന് മുമ്പുള്ള ഭാഗം, മർകസ് മൂടാൽ എന്നിവിടങ്ങളിലാണ് വലിയ കയറ്റങ്ങളുള്ളത്.
കയറ്റം കയറിവരുന്ന വാഹനങ്ങൾ കേടായും മറ്റും റോഡിൽ കിടക്കുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. നിരപ്പ് റോഡ് പിന്നിട്ടെത്തുന്ന ഡ്രൈവർമാർക്ക് കയറ്റത്തെക്കുറിച്ച് വ്യക്തതയില്ല. ചെറിയ കയറ്റമെന്ന് കരുതി കയറിത്തുടങ്ങും. ഗിയറുകൾ മാറ്റി മുകളിൽ എത്തുമ്പോഴേക്കും വാഹനം കേടായി റോഡിൽ കിടക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ചോലവളവിലെ കയറ്റത്തിൽ നിയന്ത്രണംവിട്ട് ചരക്ക് ലോറി മറിഞ്ഞിരുന്നു. സർവിസ് റോഡുകൾക്ക് പലസ്ഥലത്തും വീതി കുറവാണ്. ഇതുകാരണം കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് മറികടന്നുപോകാനും പ്രയാസമുണ്ട്.
പ്രധാനറോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്താൽ ദീർഘദൂര ചരക്കുവാഹനങ്ങൾ സർവിസ് റോഡുകളിൽ കിടക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നം ഒഴിവാകും. കയറ്റം തുടങ്ങുന്നതിന് തൊട്ടുമുമ്പ് മുന്നറിയിപ്പ് ബോർഡുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ സ്ഥാപിച്ചാൽ വലിയ വാഹനങ്ങൾ റോഡിൽ നിന്നുപോവുന്നത് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.