വളാഞ്ചേരി: തെരഞ്ഞെടുപ്പുചൂടിനിടയിലും സ്വാലിഹിെൻറ കേക്കുകൾക്ക് ആവശ്യക്കാരേറെ. സ്ഥാനാർഥികളുടെ ഫോട്ടോയും ചിഹ്നവും വെച്ച് കേക്ക് നിർമിച്ച് വിൽക്കുകയാണ് വളാഞ്ചേരി സി.കെ പാറ സ്വദേശി സ്വാലിഹ്. ഭാര്യ ജസീലയും കൂടെയുണ്ട്. ഭിന്നശേഷിക്കാരനായ സ്വാലിഹിൽനിന്ന് കേക്ക് വാങ്ങാൻ ജില്ലക്ക് അകത്തും പുറത്തുനിന്നുമായി സ്ഥാനാർഥികൾ ഉൾപ്പെടെ നിരവധിപേരാണ് എത്തുന്നത്.
ലോക്ഡൗൺ സമയത്താണ് ഭാര്യ ജസീല കേക്ക് നിർമാണം പഠിച്ചത്. സ്വാലിഹിെൻറയും വീട്ടുകാരുടെയും പിന്തുണയും ലഭിച്ചപ്പോൾ സ്വാദിഷ്ടമായ കേക്ക് നിർമാണത്തിൽ ജസീല വൈദഗ്ധ്യം നേടി. തെരഞ്ഞെടുപ്പ് വന്നതോടെ രാഷ്ട്രീയപാർട്ടികളുടെ കൊടിയടയാളവും സ്ഥാനാർഥികളുടെ ഫോട്ടോയും ചിഹ്നവും ആലേഖനംചെയ്ത കേക്ക് നിർമിക്കാൻ തുടങ്ങി. സി.കെ പാറയിലെ വടക്കേപീടിയേക്കൽ പരീക്കുട്ടി-നഫീസ ദമ്പതികളുടെ അഞ്ചാമത്തെ മകനായ സ്വാലിഹ് സ്ഥാനാർഥികൾക്കായി പാട്ടുകളും എഴുതുന്നുണ്ട്.
ഇരിക്കാനും നിൽക്കാനും നടക്കാനുമൊന്നും സ്വാലിഹിനാവില്ല. പത്താം വയസ്സുവരെ എല്ല് നുറുങ്ങുന്ന അവസ്ഥയായിരുന്നു. എന്നാൽ, പൂർണ ആരോഗ്യവാനായ ഒരാൾ ചെയ്യുന്നതെല്ലാം സ്വാലിഹും ചെയ്യും. ഭിന്നശേഷിക്കാരനായിട്ടായിരുന്നു സ്വാലിഹിെൻറ പിറവി. അവനെപ്പോലെ ഒരു സഹോദരിയുമുണ്ടായിരുന്നു കൂട്ടിന്. ഉമ്മയായിരുന്നു സ്വാലിഹിെൻറയും സഹോദരിയുടെയും എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത്. ഉമ്മയും ഉപ്പയും ഹജ്ജ് നിർവഹിക്കാൻ പോയ കാലത്താണ് ജീവിതത്തിലാദ്യമായി സ്വന്തം കാര്യങ്ങൾ അവർ ചെയ്ത് തുടങ്ങിയത്.
ഹജ്ജ് കഴിഞ്ഞെത്തി മൂന്നു മാസം കഴിയുന്നതിനുമുമ്പ് ഉമ്മ മരിച്ചു. കൃത്യം ഒരു വർഷത്തിനുശേഷം സഹോദരിയും വിടപറഞ്ഞു. മന്ത്രിമാരായ ഡോ. കെ.ടി. ജലീലും കെ.കെ. ശൈലജയും സാലിഹിെൻറ വീട്ടിൽ വന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണാനും സാധിച്ചു. നടൻ മമ്മൂട്ടി ഉൾപ്പെടെ നിരവധിപേർ സാലിഹിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഭിന്നശേഷിക്കാരുടെ സംഗമങ്ങൾക്ക് പോവുക പതിവുള്ള സ്വാലിഹ് അവിചാരിതമായാണ് ചാവക്കാട്ടുകാരി ജസീലയെ പരിചയപ്പെടുന്നത്. ആ അടുപ്പം ജീവിതപങ്കാളിയാക്കി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.