വളാഞ്ചേരി: നിർമാണോദ്ഘാടനം കഴിഞ്ഞ് പത്ത് വർഷത്തിലധികമായിട്ടും കഞ്ഞിപ്പുര - മൂടാൽ ബൈപാസിന്റെ പ്രവൃത്തി അവസാനിച്ചിട്ടില്ല. റോഡിനെ ആശ്രയിക്കുന്നവരുടെ ദുരിതത്തിന് ഒരറുതിയുമില്ല. 2013 ൽ അന്നത്തെ യു.ഡി.എഫ് സർക്കാരാണ് ബൈപാസിന്റെ നിർമാണോദ്ഘാടനം നടത്തിയത്. പിന്നീട് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാരിനും നിർമാണം പൂർത്തിയാക്കാൻ സാധിച്ചില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും നിർമാണം ഒച്ചിഴയും വേഗത്തിൽ തന്നെയാണ്.
ആറര കി.മീറ്റർ നീളമുള്ള കഞ്ഞിപ്പുര - മൂടാൽ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിച്ചാണ് ബൈപാസ് നിർമാണം. കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ റോഡ് വീതിക്കൂട്ടി ഏഴ് മീറ്ററിൽ ടാറിങ് പൂർത്തിയാക്കി. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെ വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാനുണ്ട്. റോഡിന് മധ്യഭാഗത്തുള്ള ജലവിതരണ പൈപ്പ് ലൈനും മാറ്റി സ്ഥാപിക്കാനുണ്ട്. റോഡിന്റെ പല ഭാഗത്തും ചളിവെള്ളം കെട്ടി നിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമയമാണ്. ഈ ഭാഗങ്ങളിൽ വീതി കൂട്ടൽ പൂർത്തിയാക്കാനുമുണ്ട്. മഴ പെയ്താൽ റോഡ് ചളിക്കുളം മഴയില്ലെങ്കിൽ പൊടിമയം എന്നതാണ് അവസ്ഥ. രണ്ടായാലും റോഡിന് ഇരുവശത്തുമുള്ളവർക്ക് ദുരിതം മാത്രം ബാക്കി.
ചുങ്കം മുതൽ മൂടാൽ വരെ റോഡ് വീതിക്കൂട്ടി മെറ്റൽ നിരത്തി ഉറപ്പിച്ചിട്ടുണ്ട്. വട്ടപ്പാറ അപകട വളവും, രൂക്ഷമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നിലവിലെ ദേശീയപാതയിലെ വളാഞ്ചേരി ടൗണും ഒഴിവാക്കിയുള്ള ആറുവരി ദേശീയപാത പൂർത്തിയാകുന്നതോടെ കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിന്റെ പ്രാധാന്യം കുറയാനിടയുണ്ട്. ദീർഘദൂര വാഹനങ്ങൾ ദേശീയപാത വഴി തന്നെ പോവാനാണ് സാധ്യത. കൂടുതൽ തുക അനുവദിച്ച് ബൈപാസ് അടിയന്തിര പ്രാധാന്യത്തോടെ പൂർത്തീകരിച്ചാല റോഡിന്റെ ഇരുവശത്തുമുള്ളവരുടെ ദുരിതത്തിന് അറുതിയുണ്ടാവുകയുള്ളൂ. ഇതിനായി ജനപ്രതിനിധികൾ പരിശ്രമിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.