വളാഞ്ചേരി: കാവുമ്പുറം-മനക്കൽപ്പടി-കാടാമ്പുഴ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധം. വളാഞ്ചേരി നഗരസഭയിലൂടെയും എടയൂർ, മാറാക്കര ഗ്രാമപഞ്ചായത്തുകളിലൂടെയും കടന്നുപോകുന്ന ഈ ഗ്രാമീണ റോഡ് തകർന്നിട്ട് മാസങ്ങളായി.
പ്രസിദ്ധ തീർഥാടക കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലേക്ക് ഈ റോഡുവഴി നിരവധി പേർ വാഹനങ്ങളിൽ പോവാറുണ്ട്. റോഡ് പൊതുമരാമത്തിന്റെ കീഴിലല്ലാത്തതിനാൽ ശോചച്യാവസ്ഥ പരിഹാരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടാവാറില്ലെന്ന് നാട്ടുകാർ പറയുന്നു.
വളാഞ്ചേരി മേഖലയിലെ പ്രധാന റോഡുകളെല്ലാം റബറൈസ് ചെയ്തിട്ടും ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന് വേണ്ടത്ര പരിഗണ നൽകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. ഈ റോഡ് വഴി നേരത്തെ എട്ടോളം ബസുകൾ സർവിസ് നടത്തിയിരുന്നെങ്കിലും ശോച്യാവസ്ഥ കാരണം ബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു. നിരവധി സ്കൂൾ ബസുകളും ഇതുവഴി പോവാറുണ്ട്.
ദേശീയപാതയിലെ അപകട കേന്ദ്രമായ വട്ടപ്പാറ വളവിൽ വാഹനാപകടങ്ങുണ്ടായി ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കാവുമ്പുറം-മനക്കൽപ്പടി-കാടാമ്പുഴ വഴിയാണ് ദേശീയപാതയിലെ വെട്ടിച്ചിറയിൽ എത്താറ്. പല ഓവുപാലങ്ങളും തകർന്ന നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.പി. രാമകൃഷ്ണൻ ചെയർമാനായും കെ.പി. അബ്ദുൽസലാം കൺവീനറായും നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. കാവുമ്പുറം-മനക്കൽപ്പടി-കാടാമ്പുഴ റോഡ് പൊതുമരാമത്ത് വിഭാഗം ഏറ്റെടുക്കാനാവശ്യമായ നടപടികൾ റോഡ് കടന്നുപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്യണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു. റോഡ് റബറൈസ് ചെയ്ത് ശോച്യാവസ്ഥക്ക് സ്ഥിരമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ജനകീയ കൂട്ടായ്മ പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.