വളാഞ്ചേരി: കുറ്റിപ്പുറം ഉപജില്ലയിൽ ഹയർ സെക്കൻഡറി വിഭാഗം ഇല്ലാത്ത ഹൈസ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിക്കണമെന്നാവശ്യം ഉയരുന്നു. ഉപജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ഉൾപ്പെടെ 21 വിദ്യാലയങ്ങളിൽ നിന്നു മാത്രം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 5257 കുട്ടികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.
ഇവരിൽ 540 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 12 ഹയർ സെക്കൻഡറി സ്കൂളുകളിലായി ഒന്നാം വർഷ പ്രവേശനത്തിന് 3780ഓളം സീറ്റുകൾ മാത്രമേ ഉള്ളൂ. എയ്ഡഡ് സ്കൂളിലെ മാനേജ്മെൻറ് വിഹിതം കൂടി കുറച്ചാൽ മെറിറ്റിൽ പ്രവേശനം ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഇതിലും കുറയും. വിജയിച്ച മുഴുവൻ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. സി.ബി.എസ്.ഇ മേഖലകളിൽ നിന്നുള്ള കുട്ടികൾ കൂടി തുടർപഠനത്തിന് പൊതുവിദ്യാലയങ്ങളെ ആശ്രയിക്കാൻ സാധ്യത ഏറെയാണ്. കൂടുതൽ കുട്ടികൾ സ്വകാര്യമേഖലയിലെ സ്കൂളുകളെയോ പൊളിടെക്നിക്ക് പോലുള്ള മറ്റ് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളെയോ ആശ്രയിക്കേണ്ടി വരും. ഏഴ് സർക്കാർ വിദ്യാലയങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം സ്കൂളുകളിലും നൂറ് ശതമാനമാണ് വിജയം.
സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിച്ചത് ആശ്വാസമാണെങ്കിലും കൂടുതൽ ബാച്ചുകൾ അനുവദിക്കുമ്പോഴേ ഹയർ സെക്കൻഡറി പഠനം ആഗ്രഹിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണം ലഭിക്കയുള്ളൂ. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം വർധിച്ചതിനാൽ എ പ്ലസ് ലഭിച്ച കുട്ടികളിൽ പലർക്കും ഇഷ്ടവിഷയങ്ങളോ അവർ ആഗ്രഹിക്കുന്ന സ്കൂളുകളിലോ പ്രവേശനം ലഭിക്കാൻ സാധ്യതയില്ല. 100 കുട്ടികൾ വിജയിച്ച കരിപ്പോൾ ജി.എച്ച്.എസ്, 154 കുട്ടികൾ വിജയിച്ച ആതവനാട് ജി.എച്ച്.എസ് (പരിതി), 49 കുട്ടികൾ വിജയിച്ച പുളമംഗലം ഇസഡ്.എം.എച്ച്.എസിലും തുടർപഠനത്തിന് ഹയർ സെക്കൻററി വിഭാഗം ഇല്ല. ഈ സ്കൂളുകളിൽ ഹയർ സെക്കൻഡറി ആരംഭിക്കുകയും നിലവിലെ സ്കൂളുകളിൽ അധികബാച്ചുകൾ അനുവദിക്കുകയും ചെയ്താൽ ഉപജില്ലയിലെ മുഴുവൻ കുട്ടികൾക്കും തുടർപഠനത്തിന് പൊതുവിദ്യാലയങ്ങളിൽ തന്നെ അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.