വളാഞ്ചേരി: വിദ്യാർഥികളെയും യുവാക്കളെയും ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ലഹരിയെത്തിക്കുന്ന മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി വളാഞ്ചേരി പൊലീസ്. ശനിയാഴ്ച ലഹരി ഉൽപന്നങ്ങളുമായി അഞ്ച് യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. നഗരസഭ ബസ് സ്റ്റാൻഡും ഇടറോഡുകളും ഇടവഴികളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.
അന്തർസംസ്ഥാന തൊഴിലാളികൾ വഴിയും നഗരത്തിൽ ലഹരി എത്തുന്നുണ്ട്. രാസലഹരി, കഞ്ചാവ് ഓയിൽ, നിരോധിത ഹാൻസ് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും വിൽക്കുന്നത്. ഗ്രാമീണ മേഖലകളിലടക്കം മാഫിയ സജീവമാണ്. അന്തർസംസ്ഥാന തൊഴിലാളികൾ ട്രെയിൻ മാർഗമാണ് ലഹരി എത്തിക്കുന്നത്. കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്ന വിൽപനയും വ്യാപകമാണ്. യുവജന സംഘടനകൾ ഉൾപ്പെടെ ഫലപ്രദമായി ഇടപെടുമ്പോഴേ ഇത്തരം സംഘങ്ങളെ തുരത്താൻ സാധിക്കൂ.
ഹാൻസ് ഉൾപ്പെടെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടയുടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് പറഞ്ഞു. ബസ് സ്റ്റാൻഡും ഇടറോഡുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മഫ്തിയിൽ ഉൾപ്പെടെ ഡ്യൂട്ടിക്കിട്ട് നിരീക്ഷണം ശക്തമാക്കും.
സ്കൂളുകളുടെ പരിസരത്തെ ലഹരി വ്യാപാരവും വിതരണവും തടയുന്നതിന് കടകളും വാണിജ്യ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന ശക്തമാക്കും. സ്കൂൾ പരിസരങ്ങളിൽ നിരീക്ഷിക്കാൻ പ്രത്യേക ബൈക്ക് പട്രോളിങ് യൂനിറ്റിനെ സജ്ജമാക്കിയിട്ടുണ്ടെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളെ ഉപയോഗിച്ച് വിദ്യാലയങ്ങളിൽ ലഹരിക്കെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.