വളാഞ്ചേരി: മേഖലയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ ജല അതോറിറ്റിയുടെ ഓഫിസ് വളാഞ്ചേരിയിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം, എടയൂർ ഗ്രാമ പഞ്ചായത്തുകളിലായി ഉപഭോക്താക്കളുടെ എണ്ണം ഇരുപതിനായിരത്തോളമായിട്ടുണ്ട്.
മൂന്ന് പ്രദേശങ്ങളും ഇപ്പോൾ ജല അതോറിറ്റിയുടെ കോട്ടക്കൽ ഓഫിസിന് കീഴിലാണ്. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളിൽ ജല അതോറിറ്റി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. എടയൂർ ഗ്രാമപഞ്ചായത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇരിമ്പിളിയത്ത് കൂടുതൽ പേർക്ക് ഗാർഹിക കണക്ഷൻ കൊടുക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. തൂതപ്പുഴയിൽ ഇരിമ്പിളിയം ഇടിയറക്കടവിലാണ് കുടിവെള്ള പദ്ധതിക്കുള്ള പമ്പിങ്ങ്.
പൈപ്പ് ലൈൻ നീട്ടുന്ന പ്രവർത്തനം പൂർത്തിയാകുന്നതോടെ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ 6500 ഓളം ഉപഭോക്താക്കൾ ഉണ്ടാവും. 75 കോടി രൂപ ചെലവഴിച്ച് ഇരിമ്പിളിയം ത്വരിത ഗ്രാമീണ കുടിവെള്ള പദ്ധതി എടയൂർ ഗ്രാമ പഞ്ചായത്തിലേക്ക് നീട്ടുന്ന പ്രവർത്തനം അവസാന ഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുന്നതോടെ എടയൂർ ഗ്രാമപഞ്ചായത്തിൽ 9000 ത്തോളം ഉപഭോക്താക്കളുണ്ടാവും.
ഇതിനിടെ, 1250 ഗാർഹിക കണക്ഷനുള്ള വളാഞ്ചേരിയിൽ 350 വീടുകളിൽ കൂടി കണക്ഷൻ കൊടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും കണക്ഷൻ വേണമെന്നാവശ്യവും ശക്തമാണ്. ഈ ആവശ്യം കൂടി അംഗീകരിച്ചാൽ മൂന്ന് ഇടങ്ങളിൽ കൂടി 20000ത്തിൽ കൂടുതൽ ഗാർഹിക കണക്ഷനിലേക്ക് എത്തും. ജല അതോറിറ്റിയുടെ വെള്ളം ഉപയോഗിച്ചതിന്റെ ബിൽ അടക്കാൻ ഈ പ്രദേശങ്ങളിൽ സൗകര്യമൊരുക്കിയിട്ടില്ല.
വളാഞ്ചേരി ആസ്ഥാനമായി ജല അതോറിറ്റിയുടെ പുതിയ ഓഫിസ് അനുവദിച്ചാൽ ബിൽ അടക്കാൻ സൗകര്യപ്രദമാവുന്നതിനൊപ്പം കാലതാമസം കൂടാതെ പൈപ്പ് ലൈൻ തകരാർ പരിഹരിക്കാനും സാധിക്കും. പുതിയ ഓഫിസിനായി മേഖലയിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സമ്മർദം ചെലുത്തണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.