വളാഞ്ചേരി: മാലിന്യ സംസ്കരണത്തിലെ പിഴവുകൾക്കെതിരെ നടപടിയെടുക്കാൻ വളാഞ്ചേരി നഗരസഭ പരിധിയിൽ വിജിലൻസ് സ്ക്വാഡുകൾ രംഗത്ത്.
തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരെയും നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെ കൈകാര്യം ചെയ്യുന്നവരെയും വീടുകളിലും സ്ഥാപനങ്ങളിലും ശാസ്ത്രീയ മാലിന്യ സംവിധാനം ഇല്ലാത്തവരെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ 33 വാർഡുകളിലായി രണ്ട് വിജിലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സെക്രട്ടറി ബി. ഷെമീർ മുഹമ്മദും ക്ലീൻ സിറ്റി മാനേജർ ടി.പി. മുഹമ്മദ് അഷ്റഫും അറിയിച്ചു.
മാലിന്യം തരംതിരിച്ച് സൂക്ഷിക്കാനും ജൈവ മാലിന്യം സംസ്കരിക്കാനും സംവിധാനമില്ലാത്ത ഹോട്ടലുകൾ, കല്യാണ മണ്ഡപങ്ങൾ, ഹാളുകൾ, മാളുകൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, ഷോപ്പിങ് മാളുകൾ, വസ്ത്രശാലകൾ, തിയറ്ററുകൾ, പച്ചക്കറി-പഴം വിപണന കേന്ദ്രങ്ങൾ, മത്സ്യ-മാംസ വിതരണ കേന്ദ്രങ്ങൾ, വീടുകൾ തുടങ്ങിയവക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും.
മലിനജലം ജലാശയത്തിൽ ഒഴുക്കുകയോ മാലിന്യം പൊതുസ്ഥലത്ത് തള്ളുകയോ ചെയ്താൽ 10,000 രൂപ മുതൽ 25,000 രൂപ വരെ പിഴയും ആറുമാസം മുതൽ ഒരുവർഷം വരെ തടവും ലഭിക്കും. മാലിന്യം പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചാൽ 5,000 മുതൽ 25,000 രൂപ വരെ പിഴ ഈടാക്കും. ഹരിത കർമസേനയുമായി സഹകരിക്കാത്തവർക്ക് 10,000 രൂപയാണ് പിഴ.
നിരോധിത പ്ലാസ്റ്റിക് സാധനങ്ങൾ വിൽപന നടത്തുന്നതും ഹരിതച്ചട്ടം പാലിക്കാത്തതിനും 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ.
രണ്ട് വിജിലൻസ് സ്ക്വാഡുകളുടെയും പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നഗരസഭ ഓഫിസിൽ യോഗം ചേർന്നു. നഗരസഭ ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്ക്വാഡ് അംഗങ്ങളായ ഹെൽത്ത് ഇൻസ്പെക്ടർ ജോയ് സുദർശൻ, കെ.സി. ഫൗസിയ, ഡി.വി. ബിന്ദു, ബീരാൻകുട്ടി, രഞ്ജിത്ത്, നൗഷാദ് നിയ, നൂറുൽ ആബിദ് നാലകത്ത്, മീര, റിസ്ല സെബിൻ എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.