വളാഞ്ചേരി: കാട്ടുപന്നികൾ കൂട്ടമായി വയലിൽ ഇറങ്ങുന്നതിനാൽ നെൽ കർഷകർ ദുരിതത്തിൽ. വളാഞ്ചേരി നഗരസഭയിലെ വട്ടപ്പാറ വടക്കെകുളമ്പ്, തെക്കെപ്പുറം പാടശേഖരത്തിലെ ആറേക്കറോളം നെൽക്കൃഷിയാണ് നശിക്കുന്നത്. വനിതാ കൂട്ടായ്മയിൽ ഇറക്കിയ നെൽക്കൃഷി കൊയ് ത്തിന് ആഴ്ചകൾ കഴിയണം. അതിനിടെയാണ് ദിവസവും പന്നികൾ ഇറങ്ങുന്നത്.
ജമീല ആലുക്കൽ, ഷരീഫ തണ്ണീർപന്തൽ, ബിജുട്ടി കറുത്തേടത്ത്, ലത കാറളംക്കാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. ആറ് ഏക്കർ നെൽകൃഷിക്ക് പുറമെ, ഒരേക്കറിൽ വാഴകൃഷിയും ചെയ്യുന്നുണ്ട്. വാഴകളും പന്നികൾ നശിപ്പിച്ചിട്ടുണ്ട്. തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തും ബാങ്കുകളിൽ നിന്ന് വായ്പയെടുത്തുമാണ് ഇവർ കൃഷി ആരംഭിച്ചത്. കർഷകർ രാത്രികാലങ്ങളിൽ കാവൽ ഇരുന്നാലും പന്നികൾ രാവിലെ വീണ്ടും കൂട്ടമായി വയലിൽ ഇറങ്ങുകയാണ്.
വിവിധ പ്രദേശങ്ങളിലെ പച്ചക്കറികൾ നശിപ്പിക്കുന്നതും പതിവാണ്. വളാഞ്ചേരി നഗരസഭ കൃഷിഭവൻ ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. ജില്ല ഫോറസ്റ്റ് ഓഫിസർക്കും, നഗരസഭ അധികൃതർക്കും പരാതി നൽകിയതായി വാർഡ് കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.