വള്ളിക്കുന്ന് ഒലിപ്രംകടവ് പാലത്തിന് സമീപം കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും മിനി ബസും
വള്ളിക്കുന്ന്: ഒലിപ്രം കടവ് പാലത്തിന് സമീപം ടൂറിസ്റ്റ് ബസും സ്വകാര്യ മിനി ബസും കൂട്ടിയിടിച്ചു. പത്തോളം പേർക്ക് നിസാര പരുക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. അത്താണിക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും നിറയെ യാത്രക്കാരുമായി അത്താണിക്കൽനിന്ന് ഫറോക്ക് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ മിനി ബസുമാണ് കൂട്ടിയിടിച്ചത്. പാലം അപ്രോച്ച് റോഡ് കഴിഞ്ഞയുടൻ ജൽജീവൻ മിഷൻ പദ്ധതിക്കായി ഒരുക്കിയ കുഴിയിൽ ചാടാതിരിക്കാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ വാഹനം വെട്ടിച്ചതോടെ എതിരെ വരികയായിരുന്ന മിനി ബസിൽ ഇടിക്കുകയായിരുന്നു. ബസുകളുടെ മുൻഭാഗത്തെ ചില്ലുകൾ പൂർണമായും തകരുകയും ചെയ്തു.
ജൽജീവൻ മിഷൻ പദ്ധതിക്കായി ഒരുക്കിയ കുഴി മാസങ്ങളായി മൂടാതെ കിടക്കുകയാണ്. ഇത് അപകടഭീഷണി ആണെന്ന് നേരത്തേ തന്നെ ആരോപണം ഉയർന്നിരുന്നു. ഒലിപ്രംകടവ് പാലത്തിന്റെ അപ്രോച്ച് റോഡ് അവസാനിക്കുന്നിടത്ത് കുത്തനെയുള്ള കയറ്റം ആരംഭിക്കുന്ന ഭാഗത്താണ് റോഡിൽ വലിയ കുഴിയുള്ളത്. അപരിചിതരായ ഡ്രൈവർമാർക്ക് എളുപ്പത്തിൽ കുഴി കാണാൻ കഴിയില്ല. കുഴിയുടെ അപകടാവസ്ഥ കരാറുകാരനെ അറിയിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.