വള്ളിക്കുന്ന്: അടിതെറ്റിയാൽ കുഴിയിലേക്ക്. ജീവൻ പണയം വെച്ച് ഇടിമുഴിക്കൽ നിവാസികളുടെ യാത്ര. സർവിസ് റോഡ് സ്വകാര്യ ബസുകൾ തീർത്തും ഉപേക്ഷിച്ചതോടെയാണ് യാത്രക്കാർ ജീവൻ പണയംവെച്ച് കാൽനട യാത്ര ചെയ്യേണ്ടി വരുന്നത്. പുതുതായി നിർമിച്ച ദേശീയപാതയിലൂടെ സ്വകാര്യ ബസുകൾ സർവിസ് നടത്താൻ തുടങ്ങിയതോടെയാണ് സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായത്. തൃശൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ് ജീവനക്കാർ ഇടിമുഴിക്കലിലെ പുതിയ പാതയിൽ ഇറക്കിവിടുന്ന യാത്രക്കാരാണ് ദുരിതത്തിലായത്. ബസ് ഇറങ്ങി ആദ്യം സർവിസ് റോഡിൽ എത്തിയാൽ മാത്രമേ വീടുകളിലേക്കും ലക്ഷ്യസ്ഥാനത്തേക്കും പോകാൻ കഴിയു. എന്നാൽ, ഇതിന് പ്രത്യേക വഴി സൗകര്യങ്ങൾ ഒന്നും ദേശീയപാത അധികൃതർ ഒരുക്കിയിട്ടില്ല.
ഇവിടെ സ്ഥാപിച്ച ബാരിക്കേഡിന്റെ ഇടയിലൂടെ വന്നിറങ്ങുന്നത് വലിയ കുഴിക്ക് സമീപവുമാണ്. കുഴിക്ക് മുകളിൽ താൽക്കാലികമായി സ്ഥാപിച്ച മരക്കഷണങ്ങൾക്ക് മുകളിലൂടെ താഴേക്ക് വീഴാതെ ജീവൻ പണയം വെച്ചാണ് നാട്ടുകാർ കടന്നുപോവുന്നത്. നാട്ടുകാരുടെ ദുരിതം കണ്ടിട്ടും അനക്കമില്ലാതെ ഇരിക്കുകയാണ് അധികൃതർ. നേരം ഇരുട്ടിയാൽ പിന്നെ പറയുകയും വേണ്ട. അപകട ഭീഷണി ഇല്ലാതെ യാത്ര ചെയ്യാൻ അവസരം ഒരുക്കാൻ അധികൃതർ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.