വള്ളിക്കുന്ന്: 11 കോടി രൂപയുടെ പദ്ധതികളുമായി മണ്ഡലത്തിലെ ആരോഗ്യ സ്ഥാപനങ്ങൾ വൻ വികസനത്തിന് ഒരുങ്ങുന്നതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. അലോപ്പതി, ആയുർവേദം, യൂനാനി സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് വിവിധ ഏജൻസികളിൽ നിന്നുമുള്ള ഫണ്ട് വകയിരുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സ്വീകരിച്ചത്.
എം.എൽ.എ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി, ദേശീയ ആയുഷ് മിഷൻ പദ്ധതി, ആരോഗ്യ വകുപ്പ്, ആയുഷ് വകുപ്പ് പ്ലാൻ ഫണ്ട്, ആരോഗ്യ വകുപ്പ് ബജറ്റ് ഫണ്ട്, ദേശീയ ഹെൽത്ത് ഗ്രാന്റ് പദ്ധതി പ്രകാരമാണ് ആരോഗ്യ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിച്ചത്. വെളിമുക്ക് ആയുർവേദ ആശുപത്രി കെട്ടിട സമുച്ചയത്തിന് (5.5 കോടി രൂപ) ഭരണാനുമതി ലഭിച്ചു. നിർവഹണ ചുമതല പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ്.
പെരുവള്ളൂർ ആയുർവേദ ആശുപത്രി കെട്ടിട നവീകരണം ( 50 ലക്ഷം രൂപ), ചേലേമ്പ്ര പഞ്ചായത്ത് യൂനാനി ഡിസ്പെൻസറി (50.5 ലക്ഷം), തേഞ്ഞിപ്പലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനും (2.25 കോടി) ഫണ്ട് അനുവദിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം 17 ലക്ഷം രൂപ വകയിരുത്തി ഫർണിഷിങ് കബോർഡ് കം ഷെൽഫ് നിർമാണം പൂർത്തീകരിച്ചു. 19 ലക്ഷം രൂപ ചിലവിട്ട് ഇലക്ട്രിഫിക്കേഷൻ കം ഇൻവെർട്ടർ ഇൻസ്റ്റലേഷൻ പൂർത്തീകരിച്ചു. കെട്ടിടം ചുറ്റുമതിൽ, ഗെയ്റ്റ്, ഇന്റർലോക്ക്, ഷീറ്റ് വിരിക്കൽ, മറ്റു പ്രവർത്തികൾക്കായി എം.എൽ.എ പ്രത്യേക വികസന നിധി പ്രകാരം വകയിരുത്തിയ 25 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.
പെരുവള്ളൂർ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കായി ഭരണാനുമതി ലഭിച്ച മൂന്ന് കോടി രൂപയുടെ സാങ്കേതികാനുമതിയും ടെൻഡർ നടപടിയും സ്വീകരിക്കണമെങ്കിൽ പൊതുമരാമത്ത് ഡിസൈനിങ് വിങ്ങിൽ നിന്ന് ഡിസൈനിങ് ലഭിക്കേണ്ടതുണ്ട്.
ഡിസൈനിങ്ങിനായി പൊതുമരാമത്ത് വകുപ്പ് ആർക്കിടെക് വിഭാഗത്തിൽ നിന്നുള്ള വിശദമായ ആർക്കിടെക് ഡ്രോയിങ് സഹിതം രണ്ടാഴ്ച മുമ്പാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം പൊതുമരാമത്ത് ഡിസൈനിങ് വിങ്ങിന് ഫയൽ കൈമാറിയത്. രണ്ടു മാസത്തിനകം ഡിസൈനിങ്ങ് നൽകുമെന്നാണ് അറിയിച്ചത്.
പള്ളിക്കൽ ബ്ലോക്ക് ലെവൽ കുടുംബാരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ഗ്രാൻഡ് പദ്ധതി പ്രകാരം 5.5കോടി രൂപയുടെ ഡി.പി.ആർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
കൂടാതെ കുടുംബാരോഗ്യ കേന്ദ്രം മാസ്റ്റർ പ്ലാൻ ബ്ലോക്ക് പഞ്ചായത്ത് സാങ്കേതിക വിഭാഗം എച്ച് എൽ.എല്ലിനെ ചുമതലപ്പെടുത്തി. അന്തിമ രൂപരേഖ തയ്യാറായിട്ടില്ല.
മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി ഹെൽത്ത് ഗ്രാന്റ് പദ്ധതി പ്രകാരം 1.5കോടി രൂപയുടെ ഡി.പി.ആർ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ചേലേമ്പ്ര കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയുടെ ഡി.പി.ആർ ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. കൂടാതെ ഹെൽത്ത് ഗ്രാന്റ് പദ്ധതി പ്രകാരം മണ്ഡലത്തിലെ പള്ളിക്കൽ, വള്ളിക്കുന്ന്, ചേലേമ്പ്ര പഞ്ചായത്തുകളിലെ സബ് സെന്ററുകൾ നവീകരണം നടന്നുവരുന്നു.
വള്ളിക്കുന്ന് പഞ്ചായത്തിലെ അത്താണിക്കൽ കുടുംബാരോഗ്യ കേന്ദ്രം, കടലുണ്ടി നഗരം കുടുംബാരോഗ്യ കേന്ദ്രം, മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കി സമർപ്പിക്കുന്ന മുറക്ക് വികസന പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.