വള്ളിക്കുന്ന്: സ്പാനുകളുടെയും കൈവരികളുടെയും കോൺക്രീറ്റ് തകർന്നും അപകട ഭീഷണിയിലുള്ള തീരദേശപാതയിലെ ഏറെ തിരക്കേറിയതും നിർണായകമായതുമായ കടലുണ്ടിക്കടവ് പാലത്തിലൂടെ ഭാരമേറിയ ചരക്കു വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഒന്നര പതിറ്റാണ്ടിലധികം മാത്രം പഴക്കമുള്ള പാലത്തെ താങ്ങി നിറുത്തുന്ന തൂണുകളുടെയും മറ്റും കോൺക്രീറ്റുകൾ അടർന്നു വീണും കമ്പികൾ ദ്രവിച്ചും പാലം അപകടനിലയിലായിട്ട് വർഷങ്ങളായി.
രാപകൽ ഭേദമില്ലാതെ കൂറ്റൻ കണ്ടെയിനർ ലോറികൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങളാണ് പാലം വഴി പോകുന്നത്. ഉത്തര മലബാറിൽനിന്ന് കോഴിക്കോട്, കരുവൻതുരുത്തി വഴി ചമ്രവട്ടം റോഡ് പാലത്തിലൂടെ തെക്കൻ ഭാഗങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്നതിൽ നിർണായക പങ്കാണ് കടലുണ്ടിക്കടവ് പാലം വഹിക്കുന്നത്.കടലുണ്ടി പുഴയും അറബികടലും സംഗമിക്കുന്ന അഴിമുഖത്ത് 2008ൽ 350 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിന് 14 സ്പാനുകളാണുള്ളത്.
സ്പാനുകളിലും തൂണുകളിലും വിള്ളലുകൾ കൂടുതലും കാണപ്പെടുന്നത് കടലുണ്ടി ഭാഗത്താണ്. ഏതു സമയവും അടർന്നുവീഴാൻ പാകത്തിൽ നിൽക്കുകയാണ് കമ്പികൾ. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം വിദഗ്ധ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്(കെ.എച്ച്.ആർ.ഐ) അധികൃതർ അടർന്ന ഭാഗം പൊട്ടിച്ചെടുത്ത് പുത്തൻ സാങ്കേതിക വിദ്യയിൽ സ്റ്റീൽ നെറ്റ് വിരിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തിരുന്നു. ഇതും അടർന്നുവീണതോടെയാണ് ജനത്തിന് ആശങ്കയേറിയത്.
പാലം നവീകരിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇതേവരെ അനുമതിയായിട്ടില്ല. അതേസമയം, ചമ്രവട്ടം വഴിയുള്ള നിലവിലെ റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയിൽ അടയാളപ്പെടുത്തൽ തുടങ്ങിയിട്ടുമുണ്ട്. പാലത്തിലൂടെ സഞ്ചരിക്കേണ്ട ഭാരമേറിയ ചരക്ക് വാഹനങ്ങൾ ഫറോക്ക്-മണ്ണൂർ-കോട്ടക്കടവ്-അത്താണിക്കൽ-ആനങ്ങാടി വഴിയോ ഫറോക്ക്-കരുവൻതിരുത്തി- ചാലിയം-കടലുണ്ടി-കോട്ടക്കടവ്-അത്താണിക്കൽ-ആനങ്ങാടി വഴിയോ കടന്നു പോകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരും മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന പാലമാണ് അവഗണനയിൽ തുടരുന്നതെന്ന പ്രത്യേകതയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.