വള്ളിക്കുന്ന്: നാട്ടുകാർക്ക് ഉൾപ്പെടെ സൗജന്യ സി.പി.ആർ പരിശീലനം നൽകാൻ ഓടിനടക്കുന്ന സെയ്ദിന്റെ കരങ്ങളാൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി പാറോൽ പുഷ്പൻ. ശ്രീകൃഷ്ണജയന്തി ദിവസമാണ് പുഷ്പൻ മരണത്തെ മുഖാമുഖം കണ്ടത്. അന്നവിടെ സെയ്ദ് എത്തിയില്ലായിരുന്നെങ്കിൽ..., പുഷ്പൻ ആ ദിവസം ഇന്നും പേടിയോടെയാണ് ഓർക്കുന്നത്.
ഘോഷയാത്ര കഴിഞ്ഞ് തിരിച്ചുവരുന്ന വഴിയായിരുന്നു സ്കൂട്ടർ ഇടിച്ചുനിൽക്കുന്ന പോലെ ഒരാൾ വീഴും എന്ന രീതിയിലും മറ്റൊരാൾ അയാളെയും സ്കൂട്ടറും താങ്ങി മതിൽ അരിക് ചേർന്ന് കിടക്കുന്നത് കണ്ടത്.
കാറിൽനിന്ന് ഇറങ്ങി സെയ്ദ് ചെന്ന് നോക്കുമ്പോൾ പൾസ് കുറഞ്ഞ അവസ്ഥയിലായിരുന്നു പുഷ്പൻ. ഉടനെ കുറച്ചുപേർ കൂടിചേർന്ന് എടുത്തു മാറ്റി കിടത്തി സി.പി.ആർ കൊടുക്കാൻ തുടങ്ങി. കമ്പ്രഷൻ തുടങ്ങി ഒരു റൗണ്ട് ആവുമ്പോൾ തന്നെ ബോധം വന്നു.
ഉടനെ അദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ പരിശോധനക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ജീവൻ തിരിച്ചു തന്ന സെയ്ദിനോടുള്ള സന്തോഷം പങ്കുവെക്കാനും പുഷ്പൻ മറന്നില്ല.
നേരത്തെ, ആത്മഹത്യാശ്രമം നടത്തിയ കുട്ടിയുടെ ജീവൻ രക്ഷിക്കാനും സമയോചിത ഇടപെടൽ സെയ്ദിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഡിസാസ്റ്റർ റസ്ക്യൂ വളന്റിയറും ഫസ്റ്റ് എയ്ഡ് ട്രൈനറുമാണ് സെയ്ദ്. ട്രോമാകെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂനിറ്റ് അംഗവും ജനമൈത്രി പൊലീസ് ടീം അംഗവുമാണ്. അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കോലായി അസൈനാറുടെ എന്നയാളുടെ മൂത്ത മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.