വള്ളിക്കുന്ന്: സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊളിച്ച റോഡുകൾ അടിയന്തര പ്രാധാന്യത്തോടെ നവീകരിക്കാൻ തീരുമാനം. പൈപ്പ് ലൈൻ സ്ഥാപിച്ചതിന്റെ ഭാഗമായി ഗതാഗതയോഗ്യമല്ലാതായി കിടക്കുന്ന റോഡുകളാണ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും ജല അതോറിറ്റിയും സംയുക്തമായി വകയിരുത്തിയ 14.3 കോടിയോളം രൂപ ഉപയോഗിച്ച് നവീകരിക്കുന്നത്. 135 റോഡുകളുടെ ടാറിങ് പ്രവൃത്തികൾക്കായുള്ള ടെൻഡർ നടപടി അന്തിമ ഘട്ടത്തിലാണ്.
ടെൻഡർ നടപടി പൂർത്തീകരിച്ച 44 റോഡുകളിലും അവശേഷിക്കുന്ന പ്രവൃത്തികളായ ഗാർഹിക കണക്ഷൻ, വാൾവുകൾ ഘടിപ്പിക്കൽ, ഇന്റർകണക്ഷൻ എന്നിവ അടുത്ത മാസം 15നകം പൂർത്തീകരിക്കാൻ കഴിയുമെന്ന് കരാറുകാരൻ യോഗത്തിൽ അറിയിച്ചു. അവശേഷിക്കുന്ന 91 റോഡുകളിൽ ജൽ ജീവൻ മിഷൻ പ്രവൃത്തികൾ നവംബർ 15നകം പൂർത്തീകരിക്കാൻ കരാറുകാർക്ക് നിർദേശം നൽകി. ജല അതോറിറ്റി പ്രോജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബേബി ജോസഫ് അധ്യക്ഷത വഹിച്ചു.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഇ.എസ്. സന്തോഷ് കുമാർ, ഷിബിൻ അശോക് പറമ്പാട്, ബിപിൻ, വി. ഷാനവാസ്, സി. അമിത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.