സർക്കാർ ഓഫിസുകളിലെ വാഹനങ്ങൾ ഇലക്ട്രിക്കാകുന്നു

മലപ്പുറം: സര്‍ക്കാര്‍ ഓഫിസുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യമൊരുക്കാന്‍ അനര്‍ട്ടിന്‍റെ ഇ-മൊബിലിറ്റി പ്രോജക്ടിന്‍റെ ഭാഗമായി നടപടി തുടങ്ങി. ജില്ലയില്‍ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കാനും പദ്ധതിയുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഓഫിസുകളിലേക്ക് ഇനി മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം കരാര്‍ പ്രകാരമെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

അഞ്ചുമുതല്‍ എട്ടുവര്‍ഷം വരെ കരാര്‍ വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന എല്ലാ വാഹനങ്ങളും പുതിയ ഇലക്ട്രിക് വാഹനങ്ങളാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് പ്രത്യേക ഉത്തരവും പുറത്തിറക്കി. കരാര്‍ പ്രകാരമുള്ള വാഹനങ്ങള്‍ ഇലക്ട്രിക്കാണെന്ന് ഉറപ്പുവരുത്തി നടപ്പാക്കാനാണ് അനര്‍ട്ട് ഇ-മൊബിലിറ്റി പ്രോജക്ട് നടപ്പാക്കുന്നത്. വിവിധ വകുപ്പുകള്‍ ഉപയോഗിക്കുന്ന നിലവിലെ കാറുകള്‍ക്ക് പകരം വൈദ്യുത വാഹനങ്ങൾ ലഭ്യമാക്കുന്ന നടപടി തുടരുകയാണെന്ന് അനര്‍ട്ട് ജില്ല എൻജിനീയർ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍ പറഞ്ഞു.

ഒറ്റചാർജിങ്ങില്‍ 120 കിലോമീറ്റര്‍ മുതല്‍ 450 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളാണ് അനര്‍ട്ട് മുഖേന ലഭ്യമാക്കുന്നത്. നിലവില്‍ ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നുണ്ട്.

ഇത്തരം വാഹനങ്ങൾക്ക് അറ്റകുറ്റപ്പണി കുറവാണെന്നതിനാല്‍ കൂടുതല്‍ വകുപ്പുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അനര്‍ട്ട് അധികൃതര്‍. ഇലക്ട്രിക് വാഹനനയത്തിന്‍റെ ഭാഗമായി പൊതുചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന്‍റെ പണിപ്പുരയിലാണ് അനര്‍ട്ട്.

ആദ്യ പടിയായി പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാന്‍ഡില്‍ നഗരസഭയുടെ സഹകരണത്തോടെ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്.

Tags:    
News Summary - Vehicles in government offices become electric

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.