വേങ്ങര: 21 കുടുംബങ്ങൾക്ക് വീടുവെക്കാൻ മൂന്ന് സെൻറ് ഭൂമി വീതം സൗജന്യമായി വിട്ടുനൽകി ചേറൂർ മുതുവിൽ കുണ്ടിലെ കോട്ടുക്കാരൻ അബ്ദുസ്സമദ് എന്ന അബ്ദുപ്പ (52). കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ ചേറൂർ മഞ്ഞേങ്ങരയിലുള്ള 61 സെൻറ് ഭൂമിയാണ് ഇദ്ദേഹം സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവർക്ക് വീതിച്ചുനൽകിയത്. ഓരോ കുടുംബത്തിനും മൂന്ന് സെൻറ് സ്ഥലവും അതിലേക്കുള്ള നാല് അടിയിലുള്ള വഴിയും നൽകും. അപേക്ഷ സ്വീകരിച്ച് അതിൽനിന്ന് വിദഗ്ധ സമിതിയുടെ പരിശോധനക്കുശേഷം യോഗ്യരായി കണ്ടെത്തിയവർക്കാണ് ഭൂമി കൈമാറുന്നത്.
നേരത്തേ കവളപ്പാറയിൽ മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ സമയത്താണ് അബ്ദുസ്സമദിന് ഇത്തരമൊരാശയം മനസ്സിൽ ഉദിക്കുന്നത്. അന്ന് വീട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, പലരും കവളപ്പാറ വിട്ടുപോരാൻ തയാറാവാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
പദ്ധതി പ്രദേശത്ത് നടന്ന പ്ലോട്ട് നിർണയ നറുക്കെടുപ്പ് ചടങ്ങ് പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അംഗം പൂക്കുത്ത് മുജീബ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻറ് മമ്മുക്കുട്ടി മൗലവി, വേങ്ങര എസ്.ഐമാരായ എം. മുഹമ്മദ് റഫീഖ്, എം.പി. അബൂബക്കർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു. സക്കീന, കെ. നയീം, യു.എം. ഹംസ, വ്യാപാര പ്രമുഖൻ കെ.പി. സബാഹ്, പൊലീസ് വളൻറിയർമാരായ എ.ഡി. ശ്രീകുമാർ, കെ. ശരീഫ്, സക്കീർ വേങ്ങര, ഷാജി വാഴയിൽ, ടി. ഷിംജിത് കുഴിപ്പുറം, ടി.കെ. സഹദ് എന്നിവർ സംസാരിച്ചു.
വീട് നിർമാണത്തിന് സുമനസ്സുകളുടെ സഹകരണം
വേങ്ങര: കോട്ടുക്കാരൻ അബ്ദുപ്പ സൗജന്യമായി വിട്ടു നൽകിയ സ്ഥലത്ത് വീട് നിർമിക്കാൻ കുടുംബങ്ങൾക്ക് വിവിധ വ്യക്തികൾ സഹായം വാഗ്ദാനം ചെയ്തു. മുഴുവൻ വീടുകളുടെയും മെയിൻ വാർപ്പിനാവശ്യമായ സിമൻറ് സൗജന്യമായി നൽകുമെന്ന് കുണ്ടുപുഴക്കൽ സിമൻറ്സ് ഉടമ കെ.പി. സബാഹും 20 ലോഡ് മെറ്റൽ നൽകുമെന്ന് സഫ ക്രഷർ ഉടമയും 20 ലോഡ് ചെങ്കല്ല് നൽകുമെന്ന് ചുക്കൻ കുഞ്ഞുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.